കോട്ടയം
നാലുവർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ആദ്യ സെമസ്റ്റർ പരീക്ഷ പൂർത്തിയായി മൂന്നാം ദിവസം എംജി സർവകലാശാല ഫലം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ഈ മാസം 16നും പ്രാക്ടിക്കൽ പരീക്ഷകൾ 18നുമാണ് പൂർത്തിയായത്. പരീക്ഷാഫലം 21ന് പ്രസിദ്ധീകരിച്ചു. ഔട്ട് കം ബേസ്ഡ് എജ്യുക്കേഷൻ(ഒബിഇ) രീതിയിൽ നാലുവർഷ പ്രോഗ്രാമുകൾ നടത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് എംജി.
ഓണേഴ്സ് ബിരുദ പ്രോഗ്രാമിന്റെ ഡാറ്റാ മാനേജ്മെന്റിനായി സർവകലാശാലയിലെ ഐടി വിഭാഗം തയ്യാറാക്കിയ സോഫ്‌റ്റ്‌വെയർ വഴി വിദ്യാർഥികളുടെ വിലയിരുത്തലുകളുടെയും സെമസ്റ്റർ അവസാന പരീക്ഷകളുടെയും മാർക്കുകൾ കോളേജുകളിൽനിന്ന് ശേഖരിച്ചാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഔട്ട്കം അടിസ്ഥാനമാക്കിയുള്ള വിശദമായ അറ്റെയ്ൻമെന്റ് ചാർട്ട് ജനുവരി ആദ്യം പ്രസിദ്ധീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നിനാണ് തുടക്കംകുറിച്ചത്. ഒരേവിഷയം മേജറായും മൈനറായും തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഒരേ സിലബസ് അടിസ്ഥാനമാക്കിയുള്ള പഠനമാണ് ഫൗണ്ടേഷൻ തലത്തിൽ സർവകലാശാല നടപ്പാക്കിയത്. 234 കോഴ്സുകളിൽ ഓരോ ചോദ്യത്തിനൊപ്പവും ഔട്ട്കം, ചോദ്യങ്ങളുടെ ബോധന തലം എന്നിവ പരാമർശിക്കുന്ന ചോദ്യപേപ്പറുകളാണ് ഉപയോഗിച്ചത്.
മൂല്യനിർണയത്തിനായി സ്കീമുകൾ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ഓരോ കോളേജിലെയും അധ്യാപകർ അതത് കോളേജുകളിലെ വിദ്യാർഥികളുടെ മാത്രം മൂല്യനിർണയം നടത്തുംവിധമായിരുന്നു ക്രമീകരണം. പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കൃത്യമായും സുതാര്യമായും നടത്തുന്നതിന് കോളേജ് അധ്യാപകരും സർവകലാശാലാ ഉദ്യോഗസ്ഥരും ഉൾപ്പെട്ട വിജിലൻസ് സ്ക്വാഡുകളും പ്രവർത്തിച്ചിരുന്നു.
പരീക്ഷാഫലം വളരെ വേഗത്തിൽ പ്രസിദ്ധീകരിക്കാൻ പ്രവർത്തിച്ച എല്ലാവരെയും വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ അഭിനന്ദിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സിൻഡിക്കറ്റ് അംഗങ്ങൾ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഓണേഴ്സ് ബിരുദവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി കൺവീനർമാർ, കോളേജ് മാനേജ്മെന്റുകൾ, പ്രിൻസിപ്പൽമാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, സർവകലാശാലാ ജീവനക്കാർ എന്നിവർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായതായി അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..