മൂന്നാർ > വയനാട് തീരാനോവായി നിൽക്കേ, പെട്ടിമുടി ഉരുൾപൊട്ടലിന് ചൊവ്വാഴ്ച നാലാണ്ട്. 70 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം 2020 ആഗസ്‌ത് ആറിന് രാത്രി 11.30നായിരുന്നു. പുത്തുമല ദുരന്തമുണ്ടായി ഒരുവർഷം തികയുമ്പോഴായിരുന്നു പെട്ടിമുടി ഉരുൾപൊട്ടൽ. പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളിലെ 22 കുടുംബങ്ങളിലായി 82 പേരാണ് അപകടത്തിൽപ്പെട്ടത്. 12 പേരെ രക്ഷപ്പെടുത്തി. 66 പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ നാലുപേർ മരിച്ചതായി കണക്കാക്കിയാണ് സഹായവിതരണം നടത്തിയത്.
കണ്ണൻദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിന്റെ ഭാഗമാണ് പെട്ടിമുടി. കമ്പനിയിലെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. അപകട പ്രദേശത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ കെഡിഎച്ച്പി കമ്പനിയുടെ രാജമല ഗ്രൗണ്ടിലാണ് മൃതദേഹങ്ങൾ അടക്കിയത്.
മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനായി 19 ദിവസം നീണ്ട രക്ഷാപ്രവർത്തനമാണ് നടന്നത്. മന്ത്രിയായിരുന്ന എം എം മണി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ 5 ലക്ഷം രൂപ വീതം നൽകി. വീട് നഷ്ടപ്പെട്ട 8 പേർക്ക് കുറ്റ്യാർവാലിയിൽ സ്ഥലം നൽകി കണ്ണൻ ദേവൻ കമ്പനിയുടെ സഹായത്തോടെ വീടുവച്ച് നൽകി. സംസ്ഥാന സർക്കാർ സമയബന്ധിതമായി പുനരധിവാസവും സഹായങ്ങളും നൽകിയപ്പോൾ വാഗ്‌ദാനംചെയ്ത രണ്ടുലക്ഷംരൂപ കൊടുക്കാതെ കേന്ദ്രം കബളിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..