പാലക്കാട് > പാലക്കാട് ചിട്ടി നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശിയും കേസിലെ രണ്ടാം പ്രതിയുമായ ശ്രീജിത്താണ് പിടിയിലായത്. കാരാട്ട് കുറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മൂന്ന് ജില്ലകളിലായാണ് തട്ടിപ്പ് നടത്തിയത്. ഒന്നും മൂന്നും പ്രതികളായ മുബഷിർ, സന്തോഷ് എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുന്നു.
വ്യാപാരികളെയും വ്യാപാര സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് നടത്തിയ ചിട്ടിയിലൂടെ സംഘം ലക്ഷങ്ങൾ തട്ടിയെടുത്തു. ഓരോ ആഴ്ചയും ഇരുനൂറ് രൂപ വീതം വാങ്ങും. എല്ലാ ആഴ്ചയും ഒരു നറുക്കെടുപ്പും 30 ആഴ്ചകൾ കഴിയുമ്പോൾ ബംബർ നറുക്കെടുപ്പും ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പക്കൽ നിന്നും ഇവർ പണം വാങ്ങിയത്.
പാലക്കാട് ,മലപ്പുറം, തൃശൂർ ജില്ലകളിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കാരാട്ട് കുറിസ് എന്ന സ്ഥാപനത്തിനെതിരെ സൗത്ത് പൊലീസിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി പ്രതികൾ ഒളിവിൽ പോവുകയായിയിരുന്നു. പൊലീസ് സ്ഥാപനം റെയ്‌ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തു.
പാലക്കാട് എഎസ്‌പി അശ്വതി ജിജി, സൗത്ത് ഇൻസ്പെക്ടർ ആദംഖാൻ, സൗത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സി ഐശ്വര്യ, എം വിജയകുമാർ, വിനോദ് കുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ബിജു, ഹരിപ്രസാദ് സീനിയർ പോലീസ് ഓഫീസർമാരായ ശശികുമാർ, അജിത്ത് മൃദുലേഷ് എന്നിവർ മൂന്ന് ടീമായാണ് അന്വേഷണം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..