26 December Thursday

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക്‌ പൂർണ ഗ്യാരണ്ടി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കണ്ണൂർ >  സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ പൂർണമായും ഭദ്രമായിരിക്കുമെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക്‌ അഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള കർമ്മ പദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാരാണ് ഗ്യാരണ്ടി. മുഴുവൻ സഹകരണ സംഘങ്ങളിലെയും നിക്ഷേപം തിരികെ നൽകാൻ ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നതോടൊപ്പം നിക്ഷേപ ഗ്യാരണ്ടി ബോർഡുമുണ്ട്‌. കൂടാതെ സഹകരണ പുനരുദ്ധാരണ നിധിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ സഹകരണ സംഘങ്ങൾ കേവലം പ്രാഥമിക വായ്‌പാ സംഘങ്ങൾ എന്നതിലുപരി നാടിന്റെ ബഹുമുഖ സേവന കേന്ദ്രമായാണ്‌ പ്രവർത്തിക്കുന്നത്‌. സംസ്ഥാനത്തിന്റെ കാർഷിക-വ്യാവസായിക മുന്നേറ്റത്തിലും നിർമ്മാണ മേഖലയിലും വിപണി ഇടപെടലിലും, സാമൂഹ്യ സുരക്ഷ ഒരുക്കലിലുമെല്ലാം സഹകരണ സ്ഥാപനങ്ങളുടെ കയ്യൊപ്പ്‌ ഉണ്ട്‌. ഇങ്ങനെ മലയാളിയുടെ സാമൂഹ്യ - സാമ്പത്തിക ജീവിതം പുരോഗമനകരമായി മുന്നോട്ട്‌ കൊണ്ടുപോകാൻ ഇടപെടുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നതിന്‌ പിന്നിലെ അജണ്ട കാണാതെ പോകാനാകില്ല. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം ഇവിടെ തന്നെ ചെലവഴിക്കുന്നു.

എന്നാൽ അത്തരം നിക്ഷേപങ്ങളെല്ലാം  കേരളത്തിന്‌ പുറത്തെത്തിക്കാനും അവ വാണിജ്യ ബാങ്കുകൾക്കും അത്‌ വഴി കോർപ്പറേറ്റുകൾക്ക്‌ എത്തിക്കാനുമാണ്‌ ചിലർ ആഗ്രഹിക്കുന്നത്‌. അത്‌ കഴിയാതെ വരുന്നതിനാലാണ്‌ സഹകരണ മേഖലയ്‌ക്കെതിരെ നുണപ്രചാരണം ശക്തമാക്കുന്നത്‌. സുതാര്യമായ സഹകരണ മേഖലയെ തകർത്ത്‌ ഒരു വിശ്വാസ്യതയുമില്ലാത്ത മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ സംഘങ്ങളെ കൊണ്ടുവരാനും ശ്രമിക്കുകയാണ്‌. എന്നാൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം  പരിശോധിക്കപ്പെടണം.  ഇത്തരം 1500 ഓളം സംഘങ്ങൾ രാജ്യത്തുണ്ട്.  2022ൽ മാത്രം അഴിമതിയുടെ പേരിൽ 44 സംഘങ്ങളാണ്‌ അടച്ചുപൂട്ടിയത്‌. പതിനായിരം കോടി രൂപയിലേറെ രൂപയാണ്‌ ഈ സംഘങ്ങൾ കവർന്നത്‌.

അതേസമയം, സഹകരണ സ്ഥാപനങ്ങൾക്ക്‌ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം അനുസരിച്ച്‌ പ്രവർത്തിക്കാൻ കഴിയണം. ചില തെറ്റായ പ്രവണതകൾ ഉയരുന്നത്‌ ഗൗരവത്തോടെ കാണണം. സഹകരണ മേഖലയുടെ ശുദ്ധി നിലനിർത്താനാകണം. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ചിട്ടകൾ പാലിക്കണം. ഒരു കാരണവശാലും നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കരുത്‌. വ്യക്തിപരമായ താൽപര്യങ്ങൾക്ക്‌ കീഴ്പ്പെടാനും പാടില്ല. കൃത്യമായ നിരീക്ഷണങ്ങളിലൂടെ ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top