04 December Wednesday

സീസണിലെ നെല്ലുവില ഈയാഴ്ച തന്നെ നൽകിത്തുടങ്ങും: മന്ത്രി ജി ആർ അനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

ആലപ്പുഴ > ഇത്തവണത്തെ സീസണിലെ നെല്ല് സംഭരണം പുരോഗമിക്കുകയാണെന്നും ഇതുവരെ സംഭവിച്ച നെല്ലിന്റെ വില ഈയാഴ്ച തന്നെ നൽകി തുടങ്ങാനാവുമെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇത്തവണത്തെ നെല്ലുവില നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ധനവകുപ്പിൽ നിന്ന് വില നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഇത്തവണ ഇതുവരെ 5138 കർഷകരിൽ നിന്ന് 16,268 മെട്രിക് ടൺ നെല്ലാണ് സംഭവിച്ചത്. ഇത് 46 കോടി രൂപയുടെ നെല്ലാണ്.

സർക്കാർ 175 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ തുക കർഷകർക്ക് നൽകി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രി ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദും ഓൺലൈനായി പങ്കെടുത്തു. തോമസ് കെ തോമസ് എംഎൽഎ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, വിവിധ കർഷക സംഘടന പ്രതിനിധികൾ, സമരസമിതിയുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 2023 - 24 വർഷത്തെ മുഴുവൻ നെല്ലിന്റെയും പണം സർക്കാർ നൽകി കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.  
കഴിഞ്ഞവർഷം കർഷകർക്ക് നൽകി കഴിഞ്ഞ തുകയിൽ 829 കോടി രൂപ കേന്ദ്രം സംസ്ഥാന സർക്കാരിന് തരാൻ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെ കാണാൻ ഡൽഹിയിൽ എത്തി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സെക്രട്ടറിതലയോഗം ചേർന്നു. കഴിഞ്ഞ സീസണിൽ 2023- 24 ൽ 453 കോടി രൂപയുടെ നെല്ലാണ് സംഭവിച്ചത്.ഇതിൽ 445 കോടി രൂപയും പിആർഎസ് ആയി കൊടുത്തു. ഏഴു കോടി 90 ലക്ഷം രൂപ പിആർഎസ് ആയി നൽകാൻ കഴിയാത്തത് സപ്ലൈകോയുടെ അക്കൗണ്ടിലേക്കും നൽകി.

ബാക്കിയുള്ളത് കർഷകരുടെ ഭാഗത്തുള്ള അക്കൗണ്ടിന്റെ പ്രശ്നമോ അവകാശ പ്രശ്നങ്ങളോ മൂലമാണ് നൽകാൻ അവശേഷിക്കുന്നത്.  കേന്ദ്രം ഇത്രയും തുക നൽകാൻ ഉണ്ടായിട്ടും സംസ്ഥാന സർക്കാർ തുക കണ്ടെത്തി നൽകുകയാണ്. ഇക്കാര്യത്തിലുള്ള തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top