23 November Saturday

നന്ദകുമാറിനെ സഹായിക്കുന്നത് തിരുവഞ്ചൂര്‍: ജോമോന്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2013
തിരു: ഡാറ്റാ സെന്റര്‍ കേസില്‍ ഉള്‍പ്പെടെ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിനെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഹായിക്കുകയാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നന്ദകുമാറുമായി തിരുവഞ്ചൂരിന് അടുത്ത ബന്ധമുണ്ട്. ഇത് കാരണമാണ് ഡാറ്റാ സെന്റര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ വിജ്ഞാപനം ഇറക്കാതിരിക്കാന്‍ ശ്രമിച്ചത്. സുപ്രീംകോടതിയിലെ ചില ജഡ്ജിമാരുമായി ബന്ധമുണ്ടെന്നും അനുകൂലവിധി മേടിച്ചുതരാമെന്നു പറഞ്ഞും തട്ടിപ്പു നടത്തിയ കേസിലെ പ്രതിയാണ് നന്ദകുമാര്‍. നാലു വിജിലന്‍സ് അന്വേഷണത്തിലും ഒരു ക്രൈംബ്രാഞ്ച് കേസിലും ആദായനികുതിവെട്ടിപ്പുകേസിലും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശചെയ്ത നന്ദകുമാറിനെ പാതിരാത്രി തിരുവഞ്ചൂര്‍ ഫോണ്‍ചെയ്യുന്നുണ്ട്. ഇത് എന്തിനാണെന്ന് വ്യക്തമാക്കണം. കേരള ഹൈക്കോടതി അഭിഭാഷകന്‍ സി കെ അബ്ദുള്‍ റഹീം ഹൈക്കോടതി ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെട്ട സമയത്ത് ദാവൂദ് ഇബ്രാഹീമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തന്റെ പേരില്‍ വ്യാജ ഒപ്പിട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതിനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നന്ദകുമാര്‍ 100 കോടിയിലധികം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. 2012 ഫെബ്രുവരി 22ന് വിജ്ഞാപനം ഇറക്കിയെങ്കിലും ഇത് സിബിഐക്ക് കൈമാറാതിരിക്കാന്‍ തിരുവഞ്ചൂര്‍ ഇടപെട്ടു. കേസുകളുടെ ബാഹുല്യംമൂലം സിബിഐ അന്വേഷണത്തിന് നിര്‍വാഹമില്ലെന്ന് കാണിച്ച് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സിബിഐ കത്തു നല്‍കിയത് നന്ദകുമാറിന്റെ സ്വാധീനത്തിനു വഴങ്ങിയാണെന്നും ജോമോന്‍ ആരോപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top