തിരുവനന്തപുരം
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി ഇനി ജില്ലാ ബാലക്ഷേമസമിതി (സിഡബ്ല്യുസി) യുടെ തണലിൽ. മാതാപിതാക്കൾക്കൊപ്പം പോകണ്ടെന്നും തനിക്ക് കേരളത്തിൽനിന്ന് പഠിക്കണമെന്നും പെൺകുട്ടി കൗൺസിലിങ്ങിൽ പറഞ്ഞു. കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. മാതാപിതാക്കൾക്ക് സമ്മതമാണെങ്കിൽ പെൺകുട്ടികളുടെ രണ്ടു സഹോദരങ്ങളെക്കൂടി ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം പറഞ്ഞു. കുട്ടികളെ വിട്ടുനൽകാൻ തയ്യാറാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സിഡബ്ല്യുസിയെ അറിയിച്ചിട്ടുണ്ട്.
കുട്ടിക്കും മാതാപിതാക്കൾക്കും ഒരാഴ്ച സിഡബ്ല്യുസിയുടെ നേതൃത്വത്തിൽ കൗൺസിലിങ് നൽകും. വിശദമായ കൗൺസിലിങ്ങിനു ശേഷമാകും അന്തിമതീരുമാനം. തിങ്കളാഴ്‌ച മെഡിക്കൽ പരിശോധനയ്‌ക്കുശേഷം കുട്ടിയെ തൈക്കാട് ശിശുക്ഷേമസമിതിയിലെത്തിച്ചു. കൗൺസിലിങ് പൂർത്തിയാകും വരെ അവിടെയായിരിക്കും താമസം. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും തന്നെ മർദ്ദിക്കുമായിരുന്നെന്നും കുട്ടി പറഞ്ഞതായി സിഡബ്ല്യുസി ചെയർപേഴ്സൺ പറഞ്ഞു.
അമ്മയുടെ പേഴ്സിൽനിന്ന് 150 രൂപയുമെടുത്താണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. അസമിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. കഴക്കൂട്ടത്ത്നിന്ന് ബസ് കയറി തമ്പാനൂരിലെത്തി. ഇവിടെനിന്ന് കിട്ടിയ ട്രെയിനിൽ കയറി. കന്യാകുമാരിയിൽ എത്തിയപ്പോൾ മറ്റൊരു ട്രെയിനിൽകയറി യാത്ര തുടർന്നു. ട്രെയിനിലുണ്ടായിരുന്ന ഒരു സ്ത്രീ ബിരിയാണി വാങ്ങിതന്നു. ട്രെയിനിലെ ശുചിമുറിയിൽ പോകുംവഴി രണ്ട് ആൺകുട്ടികൾ മൊബൈലിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നും താൻ തടഞ്ഞപ്പോൾ അവർ പിൻവാങ്ങിയെന്നും പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ച വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തി ഞായർ രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..