തിരുവനന്തപുരം
രാവുറങ്ങാതെ മലയാളികൾ കാത്തിരുന്ന മറ്റൊരു കേസിനുകൂടി ശുഭപരിസമാപ്‌തി കുറിച്ച് കേരളം. അസം സ്വദേശിയായ പെൺകുട്ടിയെ കണ്ടെത്താൻ സംസ്ഥാന സർക്കാരും കേരള പൊലീസും നടത്തിയത് സമാനതകളില്ലാത്ത ഇടപെടൽ. കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും ജാഗ്രതയുടേയും മറ്റൊരു ഉദാഹരണമായി ‘കഴക്കൂട്ടം മിസിങ് കേസ്’.
നവംബറിൽ കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തിയതിലും ഫെബ്രുവരിയിൽ പേട്ടയിൽനിന്ന് രാജസ്ഥാൻ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയ കേസിലും ഇതേ മികവ് കേരളം കണ്ടു. കഴക്കൂട്ടത്ത് 14 കാരിയെ കാണാനില്ലെന്ന് പരാതി ലഭിച്ചയുടൻ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെയും ദേശീയ പാതയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പെൺകുട്ടി സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്ന് മനസിലാക്കിയ പൊലീസ് അതിനുള്ള കാരണം തിരഞ്ഞു. കുട്ടിക്ക് അസമിൽ ജീവിക്കുന്നതാണ് ഇഷ്‌ടം എന്ന് രക്ഷിതാക്കളിൽനിന്ന് മനസിലാക്കി. അവിടത്തെ സ്‌കൂളും കൂട്ടുകാരെയും അപ്പുപ്പനേയും അമ്മുമ്മയേയുമെല്ലാം പിരിഞ്ഞതിൽ അവൾ അസ്വസ്‌ഥയായിരുന്നു. ഒപ്പം അമ്മയുടെ വഴക്കും തല്ലും അവളെ മാനസികമായി തളർത്തി.
അസമിലേക്കുള്ള ട്രെയിനിലായിരുന്നു ആദ്യ പരിശോധന. പിന്നീട്, കേരളത്തിന് പുറത്തേക്കുള്ള ട്രെയിനും പരിശോധിച്ചു. റെയിൽവേ സംരക്ഷണസേന, തമിഴ്‌നാട് പൊലീസ് എന്നിവരെ കൂട്ടിയോജിപ്പിച്ച് അന്വേഷണം തുടർന്നു. ആർപിഎഫിന്റെ എല്ലാ യൂണിറ്റിലും കുട്ടിയുടെ ചിത്രം കൈമാറിയിരുന്നു. എല്ലാ പ്രധാന സ്‌റ്റേഷനുകളിലും ആർപിഎഫുകാർ പരിശോധന നടത്തി. കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ സഞ്ചരിച്ച പെൺകുട്ടിയുടെ ചിത്രം പകർത്തിയ നെയ്യാറ്റിൻകരക്കാരി ബബിതയുടെ ഇടപെടലാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..