തിരുവനന്തപുരം> "ഗേൾഫ്രണ്ട്‌സ്'– മലയാളം സിനിമ ടുഡെ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 12 സിനിമകളിൽ ഒന്ന്. സംവിധായിക തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ ശോഭന പടിഞ്ഞാറ്റിൽ. 104 മിനിറ്റ് ദൈർഘ്യമുള്ള തന്റെ ആദ്യചിത്രത്തിലൂടെ സ്‌ത്രീജീവിതത്തിന്റെ തീക്ഷ്‌ണതകൾ വരച്ചിടുകയാണ് ശോഭന. ആദ്യപ്രദർശനം അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ.
"25 വർഷമായി ചലച്ചിത്രമേളയിൽ പ്രതിനിധിയായി എത്തുന്നയാളാണ് ഞാൻ. 29–-ാം പതിപ്പിൽ എന്റെ സിനിമയും ഉണ്ടെന്നതിൽ അഭിമാനമുണ്ട്. 2021ൽ ആരംഭിച്ചതാണ് ഗേൾഫ്രണ്ട്‌സിന്റെ ചിത്രീകരണം. ശമ്പളം കിട്ടുന്ന മുറയ്‌ക്കും പിഎഫിൽനിന്ന് എടുത്തുമൊക്കെയായിരുന്നു ചിത്രീകരണം. കഴിഞ്ഞ മെയ് വരെയും അത് നീണ്ടു. ഹ്രസ്വചിത്രമെടുക്കാമെന്ന ധാരണയിലാണ് തുടങ്ങിയതെങ്കിലും പിന്നീടത് ഫീച്ചർ ഫിലിമായി മാറുകയായിരുന്നു. ഞായറാഴ്‌ചത്തെ ആദ്യപ്രദർശനത്തിനായി കാത്തിരിക്കുകയാണ്'– ശോഭന പറയുന്നു.
ആദ്യസിനിമ സ്‌ത്രീപക്ഷമാണെന്നതിലും ശോഭനയ്‌ക്ക് അഭിമാനിക്കാം. ട്രാൻസ്‌ജെൻഡർ അടക്കമുള്ള ഒരു സംഘം സ്‌ത്രീകളുടെ ജീവിതമാണ് ഗേൾഫ്രണ്ട്‌സിന്റെ ഇതിവൃത്തം. ഞായർ വൈകിട്ട് 6.30ന് ന്യൂതിയറ്റർ സ്‌ക്രീൻ ഒന്നിലാണ് ആദ്യഷോ. 17നും 19നുമായി വീണ്ടും പ്രദർശനങ്ങൾ നടക്കും. ഐഎഫ്എഫ്‌കെ സെലക്‌ഷൻ കിട്ടിയതോടെ സിനിമ നിരവധിപേരിലേക്ക് എത്തിയെന്നും ശോഭന പറഞ്ഞു. ഇത്തവണ മലയാള സിനിമ ടുഡെ വിഭാഗത്തിൽ ശോഭനയെ കൂടാതെ രണ്ട് സംവിധായികമാർ കൂടി തങ്ങളുടെ സിനിമയുമായി എത്തുന്നുണ്ട്. ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു, ജെ ശിവരഞ്ജിനിയുടെ വിക്ടോറിയ എന്നീ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..