തിരുവനന്തപുരം
കൂടുതൽ നിക്ഷേപം ആകർഷിക്കാനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തിയതികളിൽ കൊച്ചിയിൽ ആഗോള നിക്ഷേപ ഉച്ചകോടി. ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025’ എന്ന് പേരിൽ നിക്ഷേപ സംഗമം സംഘടിപ്പിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലാണ് ഉച്ചകോടി. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന ഉച്ചകോടി ഫെബ്രുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നിക്ഷേപ നിർദേശങ്ങൾ അവതരിപ്പിക്കാനും വൻകിട സംരംഭങ്ങൾക്കുള്ള അനുമതി സമയബന്ധിതമായി നൽകുന്നത് ഏകോപിപ്പിക്കാനും ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും. രണ്ടായിരത്തോളം നിക്ഷേപകരും 30 രാജ്യങ്ങളിൽനിന്നുള്ള സ്ഥാനപതിമാരും വിദേശ കമ്പനി പ്രതിനിധികളും വ്യവസായികളും സംരംഭകരും വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ഒമ്പത് രാജ്യങ്ങൾ പങ്കാളികളാകും.
വ്യവസായ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താനും കൂടുതൽ നിക്ഷേപം ആകർഷിക്കാനുമുള്ള തുടർപദ്ധതികൾ 22 സെഷനുകളിൽ ചർച്ചചെയ്യും. മേഖലാ സംഗമങ്ങളും റോഡ് ഷോകളും ഉൾപ്പെടെ 34 പരിപാടികൾ ഉച്ചകോടിക്ക് മുന്നോടിയായി വ്യവസായ വകുപ്പ് സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..