22 November Friday

ആഗോള നിക്ഷേപക സംഗമം ; ശ്രദ്ധേയ മുന്നേറ്റമായി ബംഗളൂരുവിൽ കേരളത്തിന്റെ റോഡ്‌ ഷോ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

കേരള സർക്കാർ ബംഗളൂരുവിൽ സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ റോഡ്ഷോ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
അടുത്ത വർഷം സംസ്ഥാനത്ത്‌ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനുമുന്നോടിയായി ബംഗളൂരുവിൽ വ്യവസായ വകുപ്പ്‌ സംഘടിപ്പിച്ച റോഡ്‌ ഷോ ശ്രദ്ധേമായി. കേരളത്തിലേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന് പുറത്ത്‌ സംഘടിപ്പിച്ച രണ്ടാമത്തെ ഇൻഡസ്ട്രിയൽ റോഡ്ഷോ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു.

കേരളം വ്യവസായ സൗഹൃദമല്ലെന്ന തെറ്റിദ്ധാരണയ്‌ക്ക്‌ മാറ്റം വന്നതായി മന്ത്രി പറഞ്ഞു. നിരവധി നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക്‌ എത്തി. 25 വർഷത്തിനിടെ കേരളത്തിൽ ഒരു ഫാക്‌ടറിയിലും ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിട്ടില്ല.  കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ്‌  ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി സഹകരിച്ച് വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി.നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്തി കേരളത്തെ പ്രധാന വ്യവസായ -വാണിജ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതയും സർക്കാരിന്റെ വ്യവസായ- വാണിജ്യ നയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഡിസൈനും ഉൽപ്പാദനവും, ഭക്ഷ്യസംസ്കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്‌, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളിലാണ് ആശയവിനിമയം നടന്നത്‌.
മുംബൈയിലും ഡൽഹിയിലും വിവിധ രാജ്യങ്ങളിലും റോഡ്ഷോകൾ സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top