24 November Sunday

ആശ്വാസ നവംബറോ? സ്വർണവില രണ്ടാം ദിവസവും താഴേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 58,960 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370 രൂപയിലെത്തി. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6075 രൂപയാണ്. 24 കാരറ്റിന് 8040 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഇന്ന് 103 രൂപയാണ്.

സ്വർണവില കുതിച്ചുർന്നമാസമായിരുന്ന കഴിഞ്ഞത്. ഒക്ടോബറിൽ മാത്രം 12 തവണയാണ് വില പുതിയ റെക്കോർഡിട്ടത്. ഒക്ടോബർ ഒന്നാം തീയതി പവന് 56,400 രൂപയിലാരംഭിച്ച സ്വർണവ്യാപാരം മാസത്തിലെ അവസാന ദിവസം 59,640 രൂപയിലെത്തിയിരുന്നു. ഒറ്റ മാസത്തിൽ പവന് 3240 രൂപയാണ് വർധിച്ചത്. എന്നാൽ നവംബർ ആരംഭിച്ച് ആദ്യ രണ്ടു ദിവസവും വിലകുറഞ്ഞതും പവന് 59,000 രൂപയിൽ താഴെ എത്തിയതും സ്വർണം വാങ്ങാനുദ്ദേശിക്കുന്നവർക്ക് ചെറിയൊരാശ്വാസമാകും. എന്നാൽ ഈ വർഷം അവസാനത്തോടെ ഗ്രാമിന് വില 7,550നു മുകളിൽ എത്തിയേക്കും എന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രകടമാകുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,735 ഡോളറാണ്. ഓക്ടോബർ 31 ന് ഇത് 2,783.30 ഡോളറായിരുന്നു. ഇസ്രയേലിന്റെ ലബനൻ, പലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും റഷ്യ-ഉക്രെയ്ൻ യുദ്ധവും ഈ മാസം അഞ്ചിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം സ്വർണ വിലയെ സ്വാധിനിക്കുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top