തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 165 രൂപ കുറഞ്ഞ് വില 7,200 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ കുറഞ്ഞ് 5,930 രൂപയിലെത്തി. വെള്ളിവില മൂന്ന് രൂപ കുറഞ്ഞ് 99 രൂപയായി. നവംബർ ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ 1000 രൂപയിലധികം ഒറ്റ ദിവസം കൊണ്ട് ഇടിയുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. യുഎസിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുതിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ സ്വർണവില ഇടിയാൻ കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 80 ഡോളറോളം ഇടിഞ്ഞ് 2662 ഡോളറിലെത്തി. ഇന്ത്യൻ രൂപ എക്കാലത്തെയും ദുർബലമായ അവസ്ഥയിൽ ആണ്.
ഈ മാസത്തെ സ്വർണവില പവനിൽ
● 1-11-2024: 59,080 രൂപ
● 2-11-2024: 58,960 രൂപ
● 3-11-2024: 58,960 രൂപ
● 4-11-2024: 58,960 രൂപ
● 5-11-2024: 58,840 രൂപ
● 6-11-2024: 58,920 രൂപ
● 7-11-2024: 57,600 രൂപ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..