21 November Thursday

സ്വർണക്കടത്ത്‌: അന്ന്‌ സുവർണകാലം; ഇന്ന്‌ കഷ്‌ടകാലം

സുജിത്‌ ബേബിUpdated: Sunday Oct 6, 2024

തിരുവനന്തപുരം
നികുതിവെട്ടിച്ച്‌ കേരളത്തിലേക്ക്‌ സ്വർണം കടത്തുന്നവർക്ക്‌ ചാകരയായിരുന്നു യുഡിഎഫ്‌ ഭരണകാലം. മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ വിമാനത്താവളത്തിൽ കസ്റ്റംസ്‌ പിടിച്ചതുൾപ്പെടെ കേരളത്തിൽ ആകെ പിടികൂടിയത്‌ 373 സ്വർണക്കടത്ത്‌ മാത്രം. എന്നാൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയ 2016 മുതൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ 2514 സ്വർണക്കടത്താണ്‌ പിടികൂടിയത്‌.

2012ൽ യുഡിഎഫ്‌ ഭരണകാലത്ത്‌ സംസ്ഥാനത്ത്‌ പിടികൂടിയത്‌ 34 സ്വർണക്കടത്ത്‌ മാത്രം. 2013ൽ 60, 2014ൽ 162, 2015ൽ 117 എന്നിങ്ങനെ. ആകെ 425 പ്രതികളും വലയിലായി. ആകെ 620.251 കിലോ സ്വർണം പിടിച്ചു. ഇതിൽ ബഹുഭൂരിഭാഗവും വിമാനത്താവളത്തിനുള്ളിൽ കസ്റ്റംസ്‌ പിടിച്ച കേസുകളാണ്‌. നാമമാത്രമായ കേസുകളേ പൊലീസ്‌ പിടിച്ചിരുന്നുള്ളൂ.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയ 2016ൽമാത്രം 41 സ്വർണക്കടത്താണ്‌ പിടിച്ചത്‌. 2017ൽ 151, 2018ൽ 193, 2019ൽ 195, 2020ൽ 253, 2021ൽ 441, 2022ൽ 482, 2023ൽ 540, 2024 സെപ്‌തംബർ അവസാനം വരെ 218 എന്നിങ്ങനെയാണ്‌ പിടികൂടിയ സ്വർണക്കടത്തിന്റെ എണ്ണം. 2730 സ്വർണക്കടത്തുകാരെ അകത്താക്കി. ഇവരിൽനിന്ന്‌ 2709 കിലോ സ്വർണം പിടിച്ചെടുത്തു.

കസ്റ്റംസിനെ വെട്ടിച്ചും ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചും വിമാനത്താവളത്തിന്‌ പുറത്ത്‌ സ്വർണമെത്തിക്കുന്നുവെന്ന്‌ കണ്ടാണ്‌ ഈ മേഖലയിൽ പൊലീസ്‌ കൂടുതൽ നിരീക്ഷണം തുടങ്ങിയത്‌. ഇതോടെ കേസുകളുടെ എണ്ണത്തിൽ വൻവർധനവുണ്ടായി.കസ്റ്റംസ്‌ പിടിക്കുന്ന സ്വർണം പിഴയടച്ചാൽ വിട്ടുകിട്ടും. എന്നാൽ, പൊലീസ്‌ വലയിൽ കുടുങ്ങിയാൽ തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കും. സ്വർണം കൊണ്ടുവന്നത്‌ ആരെന്നും ആർക്കുവേണ്ടിയെന്നുമുള്ള അന്വേഷണവും നടക്കും. പൊലീസ്‌ ഇടപെടൽ കർശനമാക്കിയത്‌ സ്വർണക്കടത്തുകാർക്കും പിന്തുണ നൽകുന്നവർക്കും ക്ഷീണമായി. സ്വർണം പിടിക്കുന്നത്‌ ഏതുവിധേനയും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഇപ്പോൾ സ്വർണക്കടത്ത്‌ സംഘത്തിന്റെ നീക്കങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top