25 December Wednesday

രണ്ടുവർഷത്തിനുശേഷം "ഗോൾഡൻ ചാരിയറ്റ്'
 കൊച്ചിയിൽ

സ്വന്തം ലേഖികUpdated: Tuesday Dec 24, 2024


മട്ടാഞ്ചേരി
ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റ് രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കൊച്ചിയിലെത്തി. ചൊവ്വ രാവിലെ ഒമ്പതിനാണ്‌ വില്ലിങ്ടൺ ഐലൻഡ്‌ ഹാർബർ ടെർമിനസിൽ ട്രെയിനെത്തിയത്.

കർണാടകത്തിലെ യശ്വന്ത്പുരിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ 26 വിദേശികളും അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടെ 31 പേരാണ് യാത്രക്കാരായുള്ളത്. യാത്രക്കാർ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. 2022 നവംബറിലാണ് ഗോൾഡൻ ചാരിയറ്റ് ആദ്യമായി കൊച്ചിയിലെത്തുന്നത്. കർണാടകം, ഗോവ, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ട്രെയിൻ. കർണാടക ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷന്റേതാണ് ട്രെയിൻ.

ട്രെയിനിൽ 19 കോച്ചുകളാണുള്ളത്. ആധുനിക ശുചിമുറി, വൈ-ഫൈ, 44 കാബിനുകൾ, ഇന്ത്യൻ–-അന്തർദേശീയ വിഭവങ്ങൾ വിളമ്പുന്ന രണ്ടു ഭക്ഷണശാലകൾ, ബാർ, സ്പാ, ജിം എന്നിവ ട്രെയിനിലുണ്ട്. ഒരാൾക്ക് അഞ്ചുദിവസത്തെ യാത്രയ്‌ക്ക്‌ 4.53 ലക്ഷം രൂപയാണ് ചെലവ്. കൊച്ചിയിൽനിന്ന് ബുധൻ പുലർച്ചെ അഞ്ചിന് ചേർത്തലയിലേക്ക് പോകും. അവിടെനിന്ന് ആലപ്പുഴ, പാതിരാമണൽ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങും.

ഗോൾഡൻ ചാരിയറ്റ് ഇടിച്ച്‌
നേവൽ ബേസ്‌ ജീവനക്കാരൻ മരിച്ചു
രണ്ടുവർഷത്തിനുശേഷം കൊച്ചിയിലെത്തിയ ആഡംബര വിനോദസഞ്ചാര ട്രെയിൻ ‘ഗോൾഡൻ ചാരിയറ്റ്’ ഇടിച്ച് യുവാവ്‌ മരിച്ചു. നേവൽ ബേസിലാണ് ജോലി ചെയ്യുന്ന ഉത്തർപ്രദേശ് നാഥൻപുർ സ്വദേശി കമലേശാണ്‌ (43) മരിച്ചത്. ചൊവ്വ രാവിലെ ഒമ്പതിന്‌ നേവൽ ബേസിനുസമീപത്താണ് അപകടം. ഹാർബർ ടെർമിനസിലേക്ക്‌ പോവുകയായിരുന്നു ട്രെയിൻ. ടെർമിനസിന്‌ ഒരുകിലോമീറ്റർ മുമ്പാണ്‌ അപകടമുണ്ടായത്‌. വാത്തുരുത്തിയിൽ താമസിക്കുന്ന കമലേശ് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. കമലേശ് റെയിൽ ട്രാക്കിലൂടെ പോകുന്നത് കണ്ട് ട്രെയിനിൽനിന്ന് ഉച്ചത്തിൽ ഹോൺ മുഴക്കി. എന്നാൽ, ഹെഡ് സെറ്റ് വച്ച് ഫോണിൽ സംസാരിക്കുകയായിരുന്ന കമലേശ്‌ കേട്ടില്ലെന്നാണ്‌ പ്രാഥമികനിഗമനം. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ്‌ തൽക്ഷണം മരിച്ചു. ഹാർബർ പൊലീസ് കേസെടുത്തു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശ്യാംരാജാണ്‌ കമലേശിന്റെ അച്ഛൻ. ഭാര്യയും മൂന്നു മക്കളുമുണ്ട്‌. ഇവർ ബുധനാഴ്‌ച കൊച്ചിയിലെത്തും.

ഹാർബർ ടെർമിനസിൽ നിരവധി ചരക്കുട്രെയിനുകൾ എത്താറുണ്ടെന്ന്‌ റെയിൽവേ അധികൃതർ അറിയിച്ചു. ട്രാക്കുകളിലൂടെ നടക്കുന്നത്‌ ഒഴിവാക്കണമെന്നും റെയിൽവേ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top