കോട്ടയം > ഫ്രാൻസിൽ നിന്നെത്തിയ വിനോദ സഞ്ചാരി കായൽ യാത്രക്കിടെ മറന്നുവച്ച മൊബൈൽ ഫോൺ കണ്ടെത്തി തിരികെ നൽകി ബോട്ട് ജീവനക്കാർ. ആലപ്പുഴ –- കോട്ടയം ബോട്ടിലെ ബോട്ടുമാസ്‌റ്റർ എം ആർ പ്രമോദും ലാസ്കർ രാജേഷ് കുമാറുമാണ് സത്യസന്ധതയും സമർപ്പിത മനസ്സും കൂട്ടിപ്പിടിച്ച് പ്രശംസ ഏറ്റുവാങ്ങിയത്. ഫോൺ നഷ്ടപ്പെട്ടതറിയാതെ ബോട്ടിൽനിന്ന് ഇറങ്ങി കെഎസ്‌ആർടിസി സ്‌റ്റാൻഡിലേക്ക് പോയ വിദേശ വനിതയെ കണ്ടുപിടിച്ച് ഫോൺ എത്തിക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്ന് ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ കോട്ടയത്തേയ്ക്കുള്ള യാത്രയിലാണ് ഫ്രാൻസുകാരി അമേല ഏദിയ ഫോൺ മറന്നത്. കോടിമത ബോട്ട് ജെട്ടിയിലിറങ്ങി അവർ യാത്രയായശേഷമാണ് സീറ്റിനിടയിൽ രാജേഷ് കുമാർ ഫോൺ കണ്ടത്. ഉടനെ പ്രമോദിന് കൈമാറി. അദ്ദേഹം ഫോൺ പരിശോധിച്ചപ്പോൾ സ്ക്രീൻസേവറായി വിദേശികുട്ടിയുടെ ചിത്രം കണ്ടു. ആ യാത്രയിൽ വിദേശികളായി അമേലയും കൂട്ടുകാരിയും മാത്രമാണുണ്ടായിരുന്നതെന്ന് ഇരുവരും ഉറപ്പിച്ചു. യാത്രയ്ക്കിടയിലെ അവരുടെ സംസാരത്തിൽ നിന്ന് ‘കുമളി ’ ക്കാണ് പോകുന്നതെന്ന സൂചന മനസ്സിൽ വന്നു.
സമയം പാഴാക്കാതെ സ്കൂട്ടറെടുത്ത് പ്രമോദ് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക്. ഊഹം തെറ്റിയില്ല, ഫോൺ നഷ്‌ടപ്പെട്ടെന്ന് കരുതിനിന്ന അമേലയെ കണ്ടെത്താനായി. സന്തോഷത്തിൽ അമേല കുറച്ചു പണം എടുത്തു നീട്ടി. സ്നേഹപൂർവം നിരസിച്ചു. ഒരു സെൽഫിക്ക് അനുമതി ചോദിച്ചു. നിറചിരിയോടെ സഞ്ചാരികൾ പറഞ്ഞു; യെസ് , ‘ഗോഡ്‌സ് ഓൺ കൺട്രി’. പ്രമോദ് ജോലിയിലേയ്ക്ക് മടങ്ങി. സാധാരണക്കാരായ ബോട്ട് ജീവനക്കാരുടെ നന്മയിൽ മനംനിറഞ്ഞ വിദേശികൾ കുമളിയിലേക്കും.
കുമരകം വെളിയം സ്വദേശിയായ പ്രമോദ് എൻജിഒ യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. രാജേഷ് നെടുമുടി സ്വദേശിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..