തിരുവനന്തപുരം > ഒൻപത് വയസുകാരിയെ നാലുവർഷം നിരന്തരമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 86 വർഷം കഠിനതടവ്. പത്തോളം കേസിൽ പ്രതിയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാർ(41) നാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്. 75000 രൂപ പിഴയ്ക്കും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.
2015ലാണ് പ്രതി ആദ്യമായി കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിൻ്റെ ടെറസിൽ കയറിയപ്പോഴായിരുന്നു സംഭവം. പിന്നീട് പലതവണ ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കി പ്രതിയുടെ ഗുണ്ടാ പശ്ചാത്തലം കാരണം കുട്ടി സംഭവം പുറത്തു പറയാൻ ഭയന്നു.
2019 ൽ കുട്ടിയെ ഭീഷണിപെടുത്തി ഒരു സ്വകര്യസ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞ് വിട്ടപോൾ ആണ് സംഭവം പുറത്ത് വന്നത്. സാധനങ്ങൾ മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോൾ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട്ട് വെളിപ്പെടുത്തിയത്. ജീവനകാരികൾ പുറത്ത് വന്ന് നോക്കിപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കുട്ടിയോട് പ്രതിയെ പറ്റി ചൊദിച്ചപ്പോഴാണ് പീഡനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. വിവരം അറിഞ്ഞ ജീവനക്കാരികൾ കുട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയോട് കാര്യങ്ങൾ പറയുകയും ചെയ്തു. വീട്ടുകാർ പേരൂർക്കട പൊലീസിൽ പരാതി നൽകി. കുട്ടി പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പൊലീസ് പ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയുടെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ സംഭവസമയങ്ങളിൽ ഉണ്ടായതായി തെളിഞ്ഞു.
പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും സമൂഹത്തിന് സന്ദേശം നൽകാനായി പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ വി സൈജുനാഥ്, എസ്ഐ സഞ്ജു ജോസഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..