തിരുവനന്തപുരം > വിസ്മയ കേസ് പ്രതി എസ് കിരണ്‍ കുമാറിനെതിരെ വകുപ്പുതല നടപടി. കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍കുമാര്‍. കിരണിനെതിരായ ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തില്‍ സര്‍വീസ് റൂള്‍ ചട്ടം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ശനിയാഴ്ച വിസ്മയയുടെ വീട് സന്ദര്‍ശിക്കും.
നിയമാനുസൃതമായി നടത്തിയ വകുപ്പ് അന്വേഷണത്തിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനം കൈക്കൊണ്ടത്. കിരണിനെതിരായ ആരോപണം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. 1960ലെ സര്‍വീസ് റൂള്‍ ചട്ടപ്രകാരം സ്ത്രീവിരുദ്ധപ്രവര്‍ത്തിയും സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ നടപടികള്‍ ഗുരുതരമായ നിയമലംഘനവും പെരുമാറ്റദൂഷ്യവുമാണ്. അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ അന്തസിന് കളങ്കപ്പെടുത്തിയാല്‍ സര്‍വീസ് റൂള്‍ ചട്ടപ്രകാരം നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനോ വാങ്ങുവാനോ പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. ആയതിനാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് ഭാര്യമരണപ്പെട്ട കാരണത്താല്‍ ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണ്‍ 21നാണ് കിരണിന്റെ ഭാര്യ കൊല്ലം സ്വദേശിനി വിസ്മയയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..