19 December Thursday
ഇന്ന്‌ വയോജനദിനം

തെളിഞ്ഞുകത്തട്ടെ ഇരുളിലും വെളിച്ചമായ്‌

ജ്യോതിമോൾ ജോസഫ്‌Updated: Tuesday Oct 1, 2024

കോട്ടയം > ഒത്തൊരുമിച്ചിരുന്നപ്പോൾ അവരൊരു വിളക്കുണ്ടാക്കി. അതിന്ന്‌ തെളിഞ്ഞുകത്തുന്നു, അവരുടെ ഉള്ളിലെ വെളിച്ചംപോലെ. തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിലെ ഒരാൾപ്പൊക്കത്തിലുള്ള കൂറ്റൻ വിളക്കിനുമുണ്ടൊരു കഥ. കാഴ്‌ചപരിമിതരായ ഇവിടുത്തെ താമസക്കാർ ഒരുക്കിയതാണ്‌ ഈ വിളക്ക്‌.

ഒരുകണ്ണിന്‌ മാത്രം കാഴ്‌ചയുള്ള രവീന്ദ്രൻ നായരും പൂർണമായും കാഴ്‌ചയില്ലാത്ത ഐസക് എബ്രഹാമുമാണ്‌ പ്രധാന ശിൽപ്പികൾ. പാഴ്‌വസ്‌തുക്കൾ കൊണ്ടാണ്‌ വിളക്കൊരുക്കിയിരിക്കുന്നത്‌. പ്ലാവിൻതടിയും പഴയ ഫാനിന്റെ ലീഫും ഉപയോഗിച്ചാണ്‌ നിർമാണം. തടിയിൽ വിളക്കിന്റെ രൂപമുണ്ടാക്കി ഫാൻലീഫിൽ ചിരാതുകൾ വെട്ടിയൊരുക്കിയിരിക്കുന്നു. മൂന്നുമാസത്തോളമെടുത്തു പൂർത്തീകരിക്കാൻ. അത്രമേൽ സൂക്ഷ്മതയോടെ അതിമനോഹരമായി അവരത്‌ സാധ്യമാക്കി ഉൾക്കണ്ണിന്റെ കരുത്തിൽ. നിർമാണത്തിന്‌ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഇന്നില്ലാത്തതും അവർ വേദനയോടെ ഓർക്കുന്നു.

75കാരനായ ഐസക്കിന്റെ കാഴ്‌ച നഷ്‌ടമായിട്ട്‌ 18 വർഷമായി. എന്നാൽ പരിമിതികളൊന്നും പ്രവർത്തനങ്ങളെ ബാധിക്കുന്നില്ല. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്ന ഇദ്ദേഹം മികച്ച ഗായകനുമാണ്‌. സ്ഥാപനത്തിലെ ഫാമിലിട്രീ, കിളിക്കൂട്‌, പൂൽക്കൂട്‌, നക്ഷത്രങ്ങൾ എല്ലാത്തിന്റെയും നിർമാണത്തിനും മുന്നിട്ടിറങ്ങി. 64കാരനായ രവീന്ദ്രൻ രണ്ട്‌ കണ്ണുകൾക്കും കാഴ്‌ചയില്ലാതെയാണ്‌ ഇവിടെയെത്തുന്നത്‌. പീന്നീട്‌ ചികിത്സകൾ നടത്തിയതോടെ ഒരുകണ്ണിന്‌ കാഴ്‌ചയായി.

അവർ ഹാപ്പിയാണ്‌

പ്രായത്തിന്റെ അവശതകൾ അലട്ടുന്ന, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യർ. തണലായത്‌ സാമൂഹ്യനീതി വകുപ്പിന്‌ കീഴിൽ തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനം. ഇവിടുത്തെ നീളൻ വരാന്തയ്‌ക്കുപോലുമുണ്ടാകും ഒരായിരം കഥകൾ പറയാൻ. എങ്കിലും ഒറ്റപ്പെടലിന്റെ വേദനകളില്ലാതെ ഒരോ ദിനവും ചെലവഴിക്കുന്നവരാണ്‌ ഇവിടുള്ളവർ. ജൈവപച്ചക്കറി കൃഷിയും പാട്ടും കലാപരിപാടികളും വിനോദോപാധികളും കൂട്ടായ്‌മയുമൊക്കെയായി സന്തോഷത്തോടെ കഴിയുന്നവർ. 15 പുരുഷൻമാരും 12 സ്‌ത്രീകളുമായി 27 പേരാണ്‌ ഇവിടെയുള്ളത്‌.

നേരത്തെ ഇത്തിത്താനത്തായിരുന്ന സ്ഥാപനം 2016ലാണ്‌ തിരുവഞ്ചൂരിൽ പ്രവർത്തിച്ചുതുടങ്ങിയത്‌. സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത 60 മുതൽ 91 വയസുവരെയുള്ളവർ ഇവിടെയുണ്ട്‌. വിശേഷദിവസങ്ങളിൽ ആഘോഷങ്ങൾക്ക്‌ കുറവില്ല. ഏറ്റവുമൊടുവിൽ ഓണത്തിനും സർക്കാർവക ഓണക്കോടിയും അഗതിമന്ദിരങ്ങൾക്കുള്ള കിറ്റുമെല്ലാമെത്തി. പുറത്തുനിന്നുള്ളവർക്കും ആഘോഷങ്ങൾ താമസക്കാർക്കൊപ്പമാക്കാൻ അവസരമുണ്ട്‌. ഫോൺ: 0481 2770430, 9249282161.

സുപ്രണ്ടും മേട്രണും കെയർടേക്കർമാരും ഡോക്ടർമാരും സോഷ്യൽവർക്കർമാരും ഉൾപ്പെടെ എല്ലാവിധ സേവനങ്ങളും കൃത്യമായി ലഭിക്കുന്നു. മാസത്തിലൊരിക്കൽ അയർക്കുന്നം സിഎച്ച്‌സിയിൽനിന്നും വയോമിത്രംപദ്ധതി പ്രകാരവും അലോപ്പതി ഡോക്‌ടറെത്തും. ദിവസവും വയോഅമൃതം പദ്ധതിയിൽ ആയുർവേദ ചികിത്സയും ഉറപ്പാക്കുന്നു. വീണ്ടുമൊരു വയോജനദിനംകൂടി എത്തുമ്പോൾ അവരിവിടെ സംതൃപ്‌തരാണ്‌ എല്ലാമുള്ളവരാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top