തിരുവനന്തപുരം> മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതിയതായി താത്കാലിക ബാച്ചുകൾ അനുവദിച്ച സ്കൂളുകളുടെ ലിസ്റ്റ് സർക്കാർ പുറത്തിറക്കി. മലപ്പുറത്ത് 74 സർക്കാർ സ്‌കൂളിലും കാസർകോട് 18 സർക്കാർ സ്‌കൂളിലുമാണ് പുതിയ ബാച്ചുകൾ അനുവധിച്ചത്.
138 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകളാണ് ആരംഭിക്കുന്നത്. മലപ്പുറത്ത് 120 ബാച്ചുകളും കാസർകോട് 18 ബാച്ചുകളുമാണ് അനുവധിച്ചത്. ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചത്. സയൻസ് കോമ്പിനേഷനിൽ ആവശ്യത്തിന് സീറ്റുണ്ട്. കാസർകോട് ഒരു സയൻസ് ബാച്ചും നാലു ഹുമാനിറ്റീസ് ബാച്ചും 13 കൊമേഴ്‌സ് ബാച്ചും അനുവദിച്ചു.
അലോട്ട്‌മെന്റുകളുടെ തുടക്കത്തിൽ തന്നെ 202- 3-24 വർഷം താൽക്കാലികമായി അനുവദിച്ചതും നിലനിർത്തിയതും ഷിഫ്റ്റ് ചെയ്തതുമായ 178 ബാച്ചുകൾ തുടരുന്നതിനും മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30ശതമാനം മാർജിനൽ സീറ്റ് വർധനയും എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും 20 ശതമാനം മാർജിനൽ സീറ്റ് വർധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി 10 ശതമാനം മാർജിനൽ സീറ്റ് വർധനയും അനുവദിച്ചിരുന്നു.
4,25,671 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ മലപ്പുറം, കാസർകോട് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉണ്ടെന്ന് പ്രാദേശികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് സർക്കാർ നിയോഗിച്ചതനുസരിച്ച് മലപ്പുറം ജില്ലയിൽ കുറവുള്ള സീറ്റുകളുടെ എണ്ണം പരിശോധിച്ച് താത്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഹയർസെക്കന്ററി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ റിപ്പോർട്ട് സമർപ്പിച്ചു. കാസർകോട് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും പരിശോധിച്ച് റിപ്പോർട്ട് നൽകി. മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ താലൂക്കുകൾ എന്നിവടങ്ങളിൽ താൽക്കാലിക അധിക ബാച്ചുകൾ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..