തിരുവനന്തപുരം> അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പന് 102 വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് പ്രതി ഫെലിക്സി (62) നെ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും ഈ തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ്. കുട്ടി കളിക്കാനായി അപ്പൂപ്പന്റെ വീട്ടിൽ പോയപ്പോൾ പീഡനം. വേദന കൊണ്ട് കുട്ടി കരഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.
കളിക്കുന്നതിനിടെ കുട്ടി പ്രതിയെ കുറിച്ച് പറയുന്നത് കേട്ട അമ്മൂമ്മയാണ് പീഡനവിവരം ചോദിച്ചറിഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകൾ കണ്ടെതിയതിനെ തുടർന്ന് കഠിനംകുളം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു കെ എസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. ലീഗൽ സർവീസ് അതോറിറ്റി കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..