22 December Sunday

ഉയരും, 450 സ്വപ്‌ന ‘ഗൃഹശ്രീ’ ; വീടില്ലാത്ത പാവപ്പെട്ടവർക്ക്‌ സ്വന്തം വീടുകൾ ഒരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Saturday Oct 12, 2024


തൃശൂർ
സ്വന്തമായി രണ്ടോ മൂന്നോ സെന്റ്‌ ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത പാവപ്പെട്ടവർക്ക്‌ സ്വപ്‌നമായ സ്വന്തം വീടുകൾ ഒരുങ്ങുന്നു.  സംസ്ഥാന  ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതി വഴി  ഈ വർഷം  450 വീടുകൾ ഉയരും.  സർക്കാരിന്റെ  നാലാം വാർഷികത്തിന്റെ ഭാഗമായി നൂറുദിന കർമപദ്ധതിയിൽ  ദുർബല വിഭാഗക്കാർക്ക്‌ വീട്‌ നിർമിക്കാൻ  സബ്‌സിഡി അനുവദിക്കും. സംസ്ഥാന ഉദ്‌ഘാടനം ഞായറാഴ്‌ച തൃശൂരിൽ മന്ത്രി കെ രാജൻ നിർവഹിക്കും.

എല്ലാവർക്കും വീട്‌, എല്ലാവർക്കും ഭൂമി എന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ ലക്ഷ്യം. ലൈഫ്‌ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുൾപ്പെടെ  വീടില്ലാത്തവർക്കായാണ്‌ ഗൃഹശ്രീ നടപ്പാക്കുന്നത്‌. സർക്കാരിന്റെ മൂന്നു ലക്ഷം സബ്‌സിഡിയും  സന്നദ്ധ  സംഘടനകളുടെയോ വ്യക്തികളുടെയോ ഒരു ലക്ഷം രൂപയുടെ സഹായവും ഗുണഭോക്താവിന്റെ വിഹിതം ഒരു  ലക്ഷവും ഉൾപ്പടെ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ്‌ നിർമാണം.  

ഗൃഹശ്രീ പദ്ധതി വഴി ഇതുവരെ 3911 വീടുകൾക്ക്‌ സർക്കാർ സബ്‌സിഡി അനുവദിച്ച്‌ നിർമാണം പൂർത്തീകരിച്ചു. 2024–-25 വർഷത്തിൽ പദ്ധതിക്കായി 13.50 കോടി രൂപ  സർക്കാർ  വകയിരുത്തിയിട്ടുണ്ട്‌. ഈ ഫണ്ടുപയോഗിച്ച്‌ 450 വീടുകൾക്ക്‌ മൂന്ന്‌ ലക്ഷം വീതം സബ്‌സിഡി അനുവദിക്കും.
പദ്ധതിയിൽ ആദ്യം സ്‌പോൺസർമാരിൽ നിന്നാണ്‌ അപേക്ഷ സ്വീകരിക്കുക.  സ്‌പോൺസർമാരുടെ  സഹായത്തുകയും  ഗുണഭോക്താവിന്റെ വിഹിതവും ഭവന നിർമാണ ബോർഡിന്റെ   പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക്‌ അടയ്ക്കണം.  വീട്‌ നിർമാണത്തിന്‌ പഞ്ചായത്ത്‌ പെർമിറ്റടക്കമുള്ള രേഖകൾ ഹാജരാക്കണം. ബോർഡിന്റെ  വ്യവസ്ഥകൾക്ക് വിധേയമായി  ആദ്യ രണ്ടു ഘട്ടങ്ങളായി ഒരു ലക്ഷം രൂപ വീതവും അടുത്ത  രണ്ടു ഘട്ടങ്ങളിൽ ഒന്നര ലക്ഷം രൂപ വീതവും ഉൾപ്പെടെ അഞ്ചുലക്ഷം അനുവദിക്കും. ഭവനനിർമാണ ബോർഡ്‌ എൻജിനിയർമാർ പരിശോധിച്ചാണ്‌ തുക അനുവദിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top