19 December Thursday

ജിഎസ്ടി 3 ബി റിട്ടേൺ: അവസാന തീയതി നീട്ടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

തിരുവനന്തപുരം> ജിഎസ്ടി നിയമപ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ജിഎസ്ടി  ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിട്ടേണിലൂടെ സ്വീകരിക്കുവാനും, അർഹതയില്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സ് ചെയ്യുവാനും ഉള്ള  അവസാന തീയതി നവംബർ 30ൽ നിന്നും 2025 മാർച്ച് 31 വരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.  

ജിഎസ്ടി വെബ്സൈറ്റിലെ അടിക്കടിയുള്ള തിരുത്തലുകൾ മൂലം വ്യാപാരികൾക്ക്  കൃത്യതയോടു  കൂടിഫയൽ ചെയ്യുവാൻ കഴിയാറില്ല.  ഈ ബുദ്ധിമുട്ട് മൂലം നിരവധി വ്യാപാരികൾക്ക് ഇതുവരെ പ്രസ്തുത റിട്ടേണുകൾ ഫയൽ ചെയ്യുവാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് തീയതി നീട്ടണമെന്നാണ് ആവശ്യമെന്ന് സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.

തീയതി നീട്ടാതെ വന്നാൽ നിരവധി വ്യാപാരികൾക്ക് അർഹതപ്പെട്ട ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് തിരികെ ലഭിക്കുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. തന്റേതല്ലാത്ത കാരണത്താലാണ് പലപ്പോഴും വ്യാപാരികൾക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നത്. ഒരു നിശ്ചിത സാമ്പത്തിക വർഷത്തിനിടയിൽ ഇടയ്ക്കിടെ വെബ്സൈറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യാപാരികൾക്ക് റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. ജിഎസ്ടി കൗൺസിലിന്റെ ഓരോ തീരുമാനങ്ങളും മാറ്റങ്ങളും തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ മാത്രം പ്രാബല്യത്തിൽ വരുന്ന രീതിയിൽ നടപ്പിലാക്കണം. സാധാരണ വ്യാപാരികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് ജിഎസ്ടി കൗൺസിലിൽ തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top