പിറവം> അതിഥിത്തൊഴിലാളിക്ക് താമസിക്കാൻ പഴയ പട്ടിക്കൂട് 500 രൂപയ്‌ക്ക് വാടകയ്ക്ക് നൽകിയ സംഭവത്തിൽ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
പിറവം പൊലീസ് സ്റ്റേഷനുസമീപം പത്താംവാർഡിൽ കുരിയിൽ ജോയിയുടെ വീട്ടിലെ പട്ടിക്കൂടാണ് തൊഴിലാളിയ്ക്ക് വാടകയ്ക്ക് നൽകിയത്. ബംഗാൾ സ്വദേശി ശ്യാം സുന്ദറാണ് പ്രതിമാസവാടക നൽകി പട്ടിക്കൂട്ടിൽ താമസിച്ചത്. പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് നഗരസഭാ അധികൃതരും പൊലീസും സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ജോയി സമീപത്തുതന്നെ പുതിയ വീട് പണിത് താമസം മാറിയപ്പോൾ പഴയ വീട് അതിഥിത്തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ ഒരാൾക്ക് രണ്ടായിരം രൂപയാണ് വാടകയെന്ന് പറയുന്നു. കൈയിൽ പണമില്ലാതെ വന്നപ്പോൾ ഉടമയിൽനിന്ന് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്‌ക്ക് എടുക്കുകയായിരുന്നുവെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു.
ഒരാൾ പൊക്കത്തിൽ മേൽക്കൂരയും ഇരുമ്പുമറയുമുള്ള കൂട്ടിൽ കിടക്കാനും സമീപത്ത് ഭക്ഷണം പാകംചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടിന് നാലുചുറ്റും ഗ്രില്ലുണ്ടായിരുന്ന ഭാഗങ്ങൾ കാർഡ്ബോർഡ് വച്ച് മറച്ചാണ് മഴയെയും തണുപ്പിനെയും ചെറുത്തത്. വാടക നല്‍കി കുറച്ചാളുകൾ താമസിക്കുന്നുണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നും ഉടമ പൊലീസിനോട് പ്രതികരിച്ചു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടിൽ താമസിച്ചതെന്ന് ശ്യാം സുന്ദറും മൊഴി നൽകി. സുഹൃത്തായ മറ്റൊരു അതിഥിത്തൊഴിലാളിയുടെ വാടകവീട്ടിലേക്ക് പൊലീസ് ഇയാളെ മാറ്റിപ്പാർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..