തിരുവനന്തപുരം
കറുത്ത തുണികൊണ്ട് കണ്ണുകെട്ടി കൈയിലെ കറൻസി നോട്ട് നമ്പർ സഹിതം പറയുമ്പോൾ എങ്ങാനും തെറ്റിപ്പോകുമോ. സൂചിയിൽ നൂല് എങ്ങനെ കോർക്കും. കൈയിൽനിന്ന് അമ്മാനമാടുന്ന പന്ത് വീണുപോകുമോ. കാണികൾക്ക് നൂറു സംശയമാണ്. പക്ഷേ, അവനതിലൊന്നും ഒട്ടും സംശയമില്ല, അതുകൊണ്ടാണല്ലോ അവൻ ഗിന്നസ് ജോസ് കുട്ടിയായത്.
കോട്ടയം വാഴൂർ ടി പി പുരം രണ്ടുപ്ലാക്കൽ എൽബിൻ– ലിജിത ദമ്പതികളുടെ മകൻ ജോസ് കുട്ടി എൽബിന് ഗിന്നസ് റെക്കോഡ് പുതുമയല്ല. കണ്ണുകെട്ടി 11.56 സെക്കൻഡുകൊണ്ട് 10 സർജിക്കൽ മാസ്ക് ധരിച്ചതിന് ജോസ് കുട്ടിക്ക് ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചിരുന്നു. ജർമൻ സ്വദേശി 13.25 സെക്കൻഡെടുത്ത് നേടിയ റെക്കോഡാണ് ജോസ് കുട്ടി പത്താം വയസ്സിൽ തിരുത്തിയത്.
കണ്ണുകെട്ടി 6.85 സെക്കൻഡിൽ 10 ഇനം പഴങ്ങൾ തിരിച്ചറിഞ്ഞതിന് വീണ്ടും ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമായി. കണ്ണുകെട്ടി പാട്ടുപാടി സ്കേറ്റിങ് നടത്തുന്നതിനിടെ രണ്ട് മിനിറ്റുകൊണ്ട് 42 സൂചിയിൽ നൂൽ കോർത്തതിനാണ് ഏറ്റവും ഒടുവിലായി ഗിന്നസ് റെക്കോഡ് ലഭിച്ചത്.
ഒന്നാം ക്ലാസ് മുതലാണ് ജോസ് കുട്ടി കണ്ണുകെട്ടിയുള്ള അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചത്. അച്ഛനാണ് പരിശീലിപ്പിക്കുന്നത്. കളരിപ്പയറ്റും യോഗയും അമ്പെയ്ത്തും അഭ്യസിക്കുന്നുണ്ട്. വാഴൂർ എൻഎസ്എസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ജോസ് കുട്ടി. സഹോദരങ്ങൾ: ജോസഫൈൻ, ജോർദാൻ.
വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോഡ് നേടിയവരുടെ സംഘടനയായ "ആഗ്രഹ്'ന്റെ ഒമ്പതാമത് വാർഷിക സമ്മേളനത്തിൽ ജോസ് കുട്ടിക്കുള്ള ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് ആന്റണി രാജു എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എന്നിവർ ചേർന്ന് നൽകി. സത്താർ ആദൂർ അധ്യക്ഷനായി. അഡ്വ. എ എ റഷീദ്, ഷാനിബ ബീഗം, ബാബു രാമചന്ദ്രൻ, സി ഇ സുനിൽ, ഷെർമി ഉലഹന്നാൻ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..