22 December Sunday

ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ഇന്ന് 93

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

​ഗുരുവായൂർ സത്യാ​ഗ്രഹത്തിന്റെ ഭാ​ഗമായി കെ കേളപ്പൻ നിരാഹാരം കിടക്കുന്നു. ഒപ്പം എകെജിയും സമരവളണ്ടിയർമാരും- ഫയൽ ചിത്രം

​ഗുരുവായൂർ >  ജാതി വേർതിരിവുകൾക്കെതിരായ ആശ്വാസ തുരുത്തായി കേരളത്തെ മാറ്റിയെടുക്കുന്നതിന് പ്രാപ്തമാക്കിയ  ഐതിഹാസിക  ഗുരുവായൂർ സത്യാഗ്രഹത്തിന് വെള്ളിയാഴ്‌ച  93 വയസ്സ്. സവർണവേധാവിത്വവും തൊട്ടുകൂടായ്മയും കൊടികുത്തിവാണ കാലത്ത്, ഈശ്വരപ്രാർഥനയ്‌ക്കായി പോലും അനുവാദമില്ലാതിരുന്ന അവർണന്റെ സ്വപ്നങ്ങൾക്ക് കരുത്തായത് പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യപഥികരായ  നേതാക്കൾ നിർണായക നേതൃത്വം വഹിച്ച ഗുരുവായൂർ സത്യാഗ്രഹമാണ്‌. സവർണമേധാവിത്വത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രങ്ങൾ കീഴാളർക്കുകൂടി പ്രാപ്യമാക്കാൻ സത്യാഗ്രഹത്തിനായി.
 
 കെ കേളപ്പനും പി കൃഷ്ണപിള്ളയും എ കെ ജിയും സുബ്രഹ്മണ്യം തിരുമുമ്പും  നയിക്കുകയും മഹാത്മാ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളെ ഇടപ്പെടുവിക്കുകയും ചെയ്ത സത്യാഗ്രഹത്തിന്റെ അലയൊലികൾ നാടാകെ വ്യാപിച്ചു. പൗരാവകാശത്തിനുവേണ്ടിയും ജാതിവ്യവസ്ഥയ്‌ക്കെതിരായും പോരാടാൻ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കരുത്തായതും ഗുരുവായൂർ സത്യാഗ്രഹമായിരുന്നു. എ കെ ഗോപാലനും കെ കേളപ്പനും മൊയ്യാരത്ത് ശങ്കരനുമടങ്ങുന്ന അന്നത്തെ കോൺഗ്രസിലെ പുരോഗമനദേശീയവാദികളാണ് അയിത്തോച്ചാടനത്തിനായുള്ള പ്രക്ഷോഭങ്ങൾക്ക് കേരളത്തിൽ ശക്തിപകർന്നത്. ഇവരുടെ ശ്രമഫലമായി കെപിസിസിയുടെ വടകര യോഗത്തിൽ എല്ലാഹിന്ദുകൾക്കും മുഴുവൻ ക്ഷേത്രങ്ങളിലും ആരാധന നടത്താൻ അനുമതി ലഭിക്കണമെന്ന പ്രമേയം പാസാക്കി. പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാൻ ഉചിതമായത് ഗുരുവായൂർ ക്ഷേത്രമാണെന്ന് കണ്ടെത്തി. 1931 നവംബർ ഒന്നിനാണ് ഔപചാരികമായി ഗുരുവായൂർ സത്യാഗ്രഹമാരംഭിച്ചത്‌. ഒക്ടോബർ 21ന്‌ സുബ്രഹ്മണ്യം തിരുമുമ്പിന്റെ നേതൃത്വത്തിൽ ഒരുസംഘം വളന്റിയർമാർ ഗുരുവായൂരിലേയ്‌ക്ക് പുറപ്പെട്ടു.  പയ്യന്നൂർ കണ്ടോത്ത് എ കെ ജി യുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാനഘോഷയാത്രയെ വരേണ്യവാദികൾ  ആക്രമിച്ചു. എ സി രാമൻ ക്യാമ്പ് മാനേജരും സി എസ് ഗോപാലൻ മുഖ്യസഹായിയുമായി നവംബർ ഒന്നിന് ഗുരുവായൂർ സത്യാഗ്രഹത്തിന് തുടക്കമായി. 
 
ഗുരുവായൂർ സത്യാഗ്രഹസമരചരിത്രത്തിലെ ഏറ്റവും നിർണായക സംഭവമായത്‌ പി കൃഷ്ണപ്പിള്ള ശ്രീകോവിലിനുമുന്നിലെ മണിയടിച്ചതും അതിക്രൂരമായ മർദനം ഏറ്റുവാങ്ങിയതുമായിരുന്നു.   എ കെ ജി യേയും സംഘത്തേയും പടിഞ്ഞാറെ നടയിൽവച്ച് ഗുണ്ടകളും ക്ഷേത്രാധികാരികളും ചേർന്ന് ആക്രമിച്ചു. സമരക്കാർ പത്മനാഭൻ നമ്പ്യാരുടെ നേതൃത്വത്തിൽ പ്രത്യാക്രമണവും നടത്തി. സാമൂതിരിയുടെ ശിങ്കിടികൾ ഒടുവിൽ ക്ഷേത്രത്തിനുള്ളിൽ കടന്ന് ഗോപുരമടച്ചാണ് രക്ഷപ്പട്ടത്. 27 ദിവസത്തോളം ക്ഷേത്രം അടച്ചിട്ടു. 1932  ജനുവരിയിൽ ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സമരവും പുനരാരംഭിച്ചു. ക്ഷേത്രപ്രവേശനംവരെ നിരാഹാരമിരിക്കാൻ കെ കേളപ്പനും എ കെ ജി യും തീരുമാനിച്ചതോടെ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. ഒടുവിൽ ഗാന്ധിജി നിരാഹരം അവസാനിപ്പിക്കണമെന്നും സമരത്തിന്റെ ഉത്തരവാദിത്വം താൻ ഏൽക്കുന്നതായും കാണിച്ച് കത്തയച്ചു.
 
ക്ഷേത്രപ്രവേശനം എന്ന ആശയത്തെ മാത്രം ലക്ഷ്യംവച്ച ഒന്നായിരുനില്ല ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹം കേരളത്തിലെ അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരായ പോരാട്ടങ്ങൾക്ക് ശക്തിപകർന്നതും ഈ സമരമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top