മേപ്പാടി> ഇനി ഈ ദൃശ്യങ്ങൾ ഓർമകൾ മാത്രം. ഉള്ളുലച്ച മുണ്ടക്കൈ ദുരന്തത്തിന് മുന്നേയുള്ള നാടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജിവിഎച്ച്എസ്എസ് വെള്ളാർമലയിലെ ആഘോഷപരിപാടികളോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോ ആണിത്. അപകടത്തിന് മുന്നേയുള്ള പ്രദേശത്തിന്റെ ദൃശ്യം ആരെയും കണ്ണീരണിയിക്കുന്നതാണ്.
നാടിന് അഭിമാനമായിരുന്ന വെള്ളാർമല സ്കൂൾ ഇന്ന് അവിടെയില്ല. ഓടിക്കളിച്ച കുട്ടികളില്ല. സ്കൂളിന്റെ സമീപത്തുകൂടി ശാന്തസുന്ദരമായി ഒഴുകിയ പുന്നപ്പുഴയേയും ഉരുള്‍ പൊട്ടല്‍ വിഴുങ്ങി.മലനിരകൾ പേടിസ്വപ്നമാണ്. നാനൂറ് വീടുകളുണ്ടായിരുന്നിടത്ത് ഇന്നുള്ളത് മണ്ണും ചെളിയും മാത്രം. ജീവനോടെയും അല്ലാതെയും മണ്ണിനടിയിൽ ഇനിയുമെത്രയോ പേർ! രക്ഷപെട്ടവർക്ക് തുടർന്നുള്ള ജീവിതം കഴിഞ്ഞ കാലത്തിന്റെ ഓർമയും കണ്ണീരും മാത്രം.
ഒറ്റ രാത്രികൊണ്ടാണ് ഒരു പ്രദേശമാകെ ഇല്ലാതായത്. തിങ്കൾ അർധരാത്രിക്കുശേഷമാണ് വയനാട് - മലപ്പുറം അതിർത്തി പ്രദേശമായ മുണ്ടക്കെ പുഞ്ചിരിമുട്ടത്ത് നാടിനെ നടുക്കിയ അപകടം സംഭവിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ രണ്ടാം ദിവസവും സജ്ജീവമായി തുടരുകയാണ്. കര - നാവിക - വ്യോമസേനകളും സന്നദ്ധപ്രവർത്തരും നാട്ടുകാരും ഒറ്റക്കെട്ടായി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..