23 December Monday

പരിശീലകനെ വെട്ടിക്കൊലപ്പെടുത്തിയ ജിംനേഷ്യം ഉടമ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ആലുവ>  ജിംനേഷ്യം പരിശീലകനെ താമസസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ ജിംനേഷ്യം ഉടമയായ പ്രതിയെ രണ്ട് മണിക്കൂറിനകം പൊലീസ് പിടികൂടി. ആലുവ ചുണങ്ങംവേലി മഹാറാണി ഓഡിറ്റോറിയത്തിന് സമീപമുള്ള കെപി ഫിറ്റ്‌നസ് ജിംനേഷ്യത്തിലെ പരിശീലകന്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം ഓടത്ത് പാലം സിഎച്ച് നഗര്‍ നെടുഞ്ചാര പുതിയപുരയില്‍  സാബിത്ത് (34) ആണ് വെട്ടേറ്റ് മരിച്ചത്.

സംഭവത്തില്‍ കെ പി ഫിറ്റ്‌നസ് ജിംനേഷ്യം ഉടമയായ ചുണങ്ങംവേലി കൃഷ്ണ പ്രതാപിനെ (25) നെയാണ് ആലുവ എടത്തല പൊലീസ് ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. എടത്തല പഞ്ചായത്ത് 14-ാം വാര്‍ഡ് ചുണങ്ങംവേലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് വെള്ളി പുലര്‍ച്ചെ 6നാണ് സാബിത്തിനെ വെട്ടേറ്റ നിലയില്‍  കണ്ടത്. കഴുത്തിനും വയറിനും വെട്ടും കുത്തും ഏറ്റ നിലയിലായിരുന്നു.

 സാബിത്തിനെ കൂടാതെ വീട്ടില്‍ സുഹൃത്തുക്കളായ ദീപക്ക്, ഫഹദ് എന്നിവരും താമസിക്കുന്നുണ്ട്. കരച്ചില്‍ കേട്ട് വീടിന് പുറത്തിറങ്ങി നോക്കുമ്പോള്‍ സാബിത്ത് 'കുത്തേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടനെ സമീപത്തെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.മരിച്ച സാബിത്തിന്റെ ബാപ്പ : കാദര്‍,ഉമ്മ: പരേതയായ ഫാത്തിമ, ഭാര്യ: ഷെമീല, മക്കള്‍: സഹ്‌റ, ഇവാന്‍. ജിംനേഷ്യം ഉടമ കൃഷ്ണ പ്രതാപിനെ  അമ്മാവന്റെ ചാലക്കുടി ചെമ്പൂച്ചിറയിലെ അടച്ചിട്ട വീട്ടില്‍ നിന്നും സംഭവം നടന്ന് രണ്ട് മണിക്കൂറിനകം ആലുവ സ്‌ക്വഡും എടത്തല പൊലീസ് എസ്‌ഐയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top