22 December Sunday

എച്ച്‌1 എൻ1 മരണം രണ്ടായി ; ജാഗ്രത വേണം , എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ

സ്വന്തം ലേഖികUpdated: Monday Sep 9, 2024


തൃശൂർ
ജില്ലയിൽ എച്ച്‌1 എൻ1  രോഗം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ രണ്ട്‌ പേരാണ്‌ രോഗം ബാധിച്ച്‌ മരിച്ചത്‌. ഫലപ്രദമായ ചികിത്സ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.

ആശുപത്രികൾ സന്ദർശിക്കുമ്പോൾ മാസ്‌ക് ഉപയോഗിക്കണം. പേടിക്കേണ്ട സാഹചര്യമില്ല. രോഗലക്ഷണങ്ങൾ കാണുമ്പോൾ കൃത്യമായ ചികിത്സ തേടണം. ജില്ലയിൽ അഞ്ച്‌ പേരാണ്‌ ചികിത്സയിലുള്ളത്‌. മണലൂരും കൊടുങ്ങല്ലൂരുമാണ്‌ രോഗം ബാധിച്ച്‌ രണ്ടുപേർ മരിച്ചത്‌. വായുവിലൂടെ പകരുന്ന വൈറസ്‌ രോഗമാണിത്‌.

ശ്രദ്ധിക്കാം
പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷപ്പനി രണ്ടുദിവസത്തിനുള്ളിൽ കുറയാതിരുന്നാൽ ഡോക്ടറെ കാണണം.  കാലതാമസം രോഗം ഗുരുതരമാകാനും മരണത്തിനും ഇടയാക്കും. ശ്വാസംമുട്ടൽ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണം. ഗർഭിണികൾ, പ്രമേഹരോഗികൾ, ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർക്ക് രോഗലക്ഷണമുണ്ടായാൽ ഉടൻ ചികിത്സ തേടണം. വായുവിലൂടെയാണ്‌ രോഗം പകരുക. രോഗി തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാല ഉപയോഗിക്കണം. കൈവശമില്ലെങ്കിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അറ്റം ഉപയോഗിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കൂടെക്കൂടെ കഴുകണം. രോഗികൾ കഴിയുന്നതും വീട്ടിൽത്തന്നെ വിശ്രമിക്കുക. ഉത്സവ കാലമായതിനാൽ പൊതുയിടങ്ങളിൽ ആളുകൾ കൂടാൻ സാധ്യതയുള്ളതിനാൽ കഴിയുന്നതും മാസ്‌ക്‌ ധരിക്കുക.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top