കൊച്ചി> വാട്‌സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്ന സംഭവത്തിൽ 15 അക്കൗണ്ടുകൾ വീണ്ടെടുത്ത് കൊച്ചി സിറ്റി സൈബർ പൊലീസ് സ്‌റ്റേഷൻ. വാട്‌സാപ്പിന് സന്ദേശം അയച്ചാണ് ഹാക്ക് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടുകൾ വീണ്ടെടുത്തത്. സംസ്ഥാനത്ത് വ്യാപകമായി വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി എറണാകുളത്ത് ഉൾപ്പെടെ നൂറോളം പരാതികളാണ് പൊലീസിന് ലഭിക്കുന്നത്. കൊച്ചി നഗരത്തിലെ പുതിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലും ഇത്തരം തട്ടിപ്പുസന്ദേശങ്ങൾ വന്നിരുന്നു.
ഒടിപി മുഖേനയാണ് തട്ടിപ്പുകാർ അക്കൗണ്ടുകളിലേക്ക് കടന്നുകയറുന്നത്. വാട്സാപ്പിലേക്ക് ആറക്ക ഒടിപി നമ്പർ മാറിവന്നിട്ടുണ്ടാകുമെന്നും അതൊന്ന് അയച്ചുനൽകുമോയെന്നും ചോദിച്ചാണ് തട്ടിപ്പിന്റെ തുടക്കം. വാട്സാപ് ഗ്രൂപ്പിലെ അടുത്തുപരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യർഥനയെന്നതിനാൽ പലരും ഇതിന് തയ്യാറാകും. ഒടിപി നമ്പർ കൊടുക്കുന്നതോടെ വാട്സാപ് ഹാക്ക് ആകും. ഒരാളുടെ വാട്സാപ് നമ്പർ ഹാക്ക് ചെയ്ത് ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സാപ് നമ്പറുകളും തുടർന്ന് ഹാക്ക് ചെയ്യും. ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാൻ തട്ടിപ്പുകാർക്ക് എളുപ്പം കഴിയുന്നുവെന്നതാണ് അപകടം.
വാട്സാപ്പിൽ പങ്കുവയ്ക്കുന്ന സ്വകാര്യസന്ദേശങ്ങളിലേക്കും ചിത്രങ്ങൾ, വീഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാർക്ക് കടന്നുകയറാം. സഹായ അഭ്യർഥനയ്ക്കുപുറമെ ബ്ലാക്ക്മെയിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് വഴിവയ്‌ക്കാമെന്നും പൊലീസ് പറയുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞ് വാട്സാപ് ഹാക്ക് ചെയ്‌തതായി മുന്നറിയിപ്പുസന്ദേശം ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താൽ, ഇതും തട്ടിപ്പുകാർതന്നെ ഡിലീറ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരിചിതരുടെ നമ്പറുകളിൽനിന്ന് ഉൾപ്പെടെ ഒടിപി ചോദിച്ചുവരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..