ചൂരൽമല > ഗ്ലാസിൽ പകർന്ന് ഹനൗഫ് വഴിയാത്രക്കാർക്കുനേരെ വച്ചുനീട്ടുന്നത് വെറുമൊരു കട്ടനല്ല; ഈ ദുരിതകാലത്തെ ഒരുമിച്ച് മറികടക്കാമെന്ന ചിന്തയാണ്. പാകത്തിന് കടുപ്പവും മധുരവും ചേർന്ന കട്ടൻചായയും ബിസ്‌കറ്റും സകലമനുഷ്യർക്കുമായി വിളമ്പുകയാണ് ഈ ഏഴാം ക്ലാസുകാരി. ഉരുൾപൊട്ടിയ ചൂരൽമലയിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയാണ് വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ഹനൗഫിന്റെ വീട്. അവളുടെ കൂട്ടുകാരിൽ ആരെയൊക്കെയോ കാണാതായി, ആരൊക്കെയോ മരിച്ചുപോയി. ചിലരെക്കുറിച്ചൊന്നും വിവരമില്ല. സകലതും നഷ്ടമായി ക്യാമ്പുകളിലാണ് പലരും. ഇതോർത്ത് രണ്ടുനാൾ ഭക്ഷണം കഴിക്കാനാവാതെ, ആരോടും മിണ്ടാതെ കരഞ്ഞിരിക്കുകയായിരുന്നു ഹനൗഫ് മൻസൂർ. ദുരന്തപ്പിറ്റേന്ന് രക്ഷാപ്രവർത്തകർ ഹനൗഫിന്റെ വീട്ടിലെത്തി എന്തെങ്കിലും കഴിക്കാൻ തരുമോ എന്ന് തിരക്കിയിരുന്നു. മൂന്നാംനാൾ കൂട്ടുകാരെ തേടുന്നവർക്കുവേണ്ടി ഹനൗഫ് ചായയുമായി തെരുവിലിറങ്ങി.
അന്നുതൊട്ട് ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള കടവരാന്തയിൽ ഫ്ലാസ്‌കിൽ ചായയുമായി അവളുണ്ട്. മണ്ണിനടിയിൽ കൂട്ടുകാരെ തിരയുന്നവർക്കുൾപ്പെടെ ചായ വിളമ്പി. ‘ചായ കുടിച്ചുവോ, ചായ വേണോ’യെന്ന ഹനൗഫിന്റെ ചോദ്യത്തിൽ ചായ വേണ്ടാത്തവർപോലും ആ സ്‌നേഹം രുചിക്കുന്നു. അൽപ്പമെങ്കിലും സങ്കടങ്ങളെ ഇങ്ങനെ മറക്കുന്നതായി ഹനൗഫ്.
ദുരന്തം കടപുഴക്കിയ സ്‌കൂൾ കാണാൻ ധൈര്യമില്ല. കൂട്ടുകാരി സാന്ത്വനയെ കഴിഞ്ഞ ദിവസം ക്യാമ്പിലെത്തി കണ്ടിരുന്നു. സഹോദരൻ പ്ലസ് ടു വിദ്യാർഥി അഹമ്മദ് മൻസൂർ സകലരെയും നഷ്ടപ്പെട്ട വിപിനെ സാന്ത്വനിപ്പിച്ച് ദുരിതനാൾതൊട്ട് ക്യാമ്പിലുണ്ട്. സങ്കടങ്ങളുടെ നടുവിൽ നമ്മൾ ഒന്നും ചെയ്യാതിരിക്കുന്നത് എങ്ങനെയെന്ന് ടാക്‌സി ഡ്രൈവറായ ബാപ്പ മൻസൂർ അലിയും ചോദിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..