13 September Friday

ഒടുവിൽ ഹനുമാൻ കുരങ്ങിന് മോചനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

തിരുവനന്തപുരം > തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കഴിഞ്ഞ വർഷം ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങിനെ തുറന്ന കൂട്ടിലേക്ക് വിട്ടു. കഴിഞ്ഞ വർഷം തിരുപ്പതി മൃഗശാലയിൽ നിന്ന് കൊണ്ട് വന്ന ഒരു ജോഡി ഹനുമാൻ കുരങ്ങുകളിലെ പെൺ കുരങ്ങാണ് 2023 ജൂൺ 13 നു തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ  തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയത്. അന്ന് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ജൂലൈ 6 നു ആണ് കുരങ്ങിനെ തിരികെ എത്തിക്കാനായത്.

അന്ന് മുതൽ തുറന്ന കൂടിന്റെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതുവരെ കുരങ്ങിനെ ഉള്ളിലെ കൂട്ടിൽ അടച്ചിട്ട നിലയിൽ പരിപാലിച്ച് വരികയായിരുന്നു. പിന്നീട് റോത്തക്ക് മൃഗശാലയിൽ നിന്ന് ലഭിച്ച മൂന്ന് ഹനുമാൻ കുരങ്ങുകളെ ഇക്കഴിഞ്ഞ ജൂലൈ 24 നു തുറന്ന കൂട്ടിലേക്ക് സ്വതന്ത്രരാക്കിയെങ്കിലും ചാടിപ്പോയ പെൺ കുരങ്ങിനെ മാത്രം തുറന്ന് വിട്ടിരുന്നില്ല. രണ്ട വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്ന കുരങ്ങുകൾ ആയതിനാൽ അവയ്ക്ക് തമ്മിൽ ആക്രമണ സ്വഭാവം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പെൺ കുരങ്ങിനെ മറ്റുള്ളവയുടെ കൂടെ തുറന്ന് വിടാതിരുന്നത്.  

ഇവയെ തമ്മിൽ പരിചയപ്പെടുത്തുന്നതിന്റെയും ഇണക്കുന്നതിന്റെയും പ്രവർത്തനങ്ങൾ നടന്ന് വരികയായിരുന്നു. ഒടുവിൽ, അടിയന്തിര സാഹചര്യത്തിൽ മയക്ക് വെടി വയ്ക്കാനുള്ള സംവിധാനം ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളോടെയും സുരക്ഷാ മുൻകരുതലുകളോടെയും ഞായറാഴ്ച പെൺ കുരങ്ങിനെ തുറന്ന കൂട്ടിലേക്ക് സ്വതന്ത്രയാക്കി. തുടക്കത്തിൽ റോത്തക്ക് ഗ്രൂപ്പിലെ പെൺ കുരങ്ങുകളും പുതിയ പെൺ കുരങ്ങും തമ്മിൽ ചെറിയ പിണക്കങ്ങൾ കാണിച്ചെങ്കിലും പെട്ടെന്ന് തന്നെ സാധാരണ നില കൈവരിച്ചു. വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, ക്യൂറേറ്റർ സംഗീത, സൂപ്പർവൈസർമാരായ സജി, രാധാകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കുരങ്ങനെ തുറന്ന് വിട്ടത്. കൂട് നിലവിൽ പൂർണ സുരക്ഷാ ഉള്ളതാക്കിയിട്ടുണ്ടെന്നും കുരങ്ങുകളുടെ സ്വഭാവം ആരോഗ്യം എന്നിവ നല്ല നിലയിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top