മുണ്ടക്കയം > ഫാം വിട്ടാൽ ക്ലാസ്. ക്ലാസ് കഴിഞ്ഞാൽ ഫാം -അതാണ് ചെളിക്കുഴി ഇടത്തിനാട്ട് ബിനു-സുധർമ്മ ദമ്പതികളുടെ മകൻ ഗൗതം ബിനുവിന്റെ ജീവിതം. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിൽ ബിഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയാണ് ഗൗതം. വീട്ടിലെ ഫാമിൽ ഗൗതം പരിപാലിക്കുന്നത് 10 പശുക്കളും ഒരു പോത്തുമാണ്.
പശുവിനെ വളർത്തിയിരുന്ന മാതാപിതാക്കളെ ചെറുപ്പകാലത്ത് സഹായിച്ചിരുന്നു ഗൗതം. അങ്ങനെയാണ് കന്നുകാലി വളർത്തലിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പിന്നീട് ഫാം തുടങ്ങിയത്. ദിവസവും പുലർച്ചെ നാലിന് ഉറക്കമുണർന്ന് പശുക്കളെയും പോത്തിനെയും കുളിപ്പിച്ച ശേഷം പശുക്കറവ നടത്തും. പിന്നീട് പാൽ അര ലിറ്റർ, ഒരു ലിറ്റർ കണക്കിൽ കവറിലാക്കി വീടുകളിൽ എത്തിച്ചുകൊടുക്കും. ഇതിനു ശേഷം 12 കിലോമീറ്റർ അകലെയുള്ള ചോറ്റിയിൽ വാഹനവുമായി എത്തി കന്നുകാലികൾക്കുള്ള പുല്ല് വെട്ടിയെടുക്കും. തിരിച്ച് വീട്ടിലെത്തി കുളിയും കാപ്പികുടിയും കഴിഞ്ഞ ശേഷം കോളേജിലേക്ക് പോകും. പഠനത്തിന് ശേഷം വൈകിട്ട് വീട്ടിലെത്തി പശുപരിചരണവും കറവയും പാൽപാക്കിങ്ങും തുടരും.
പശുക്കളെ പാട്ട് കേൾപ്പിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. അതുകൊണ്ട് ഫാമിൽ സ്പീക്കർവെച്ച് രാവിലെയും വൈകുന്നേരവും പാട്ട് കേൾപ്പിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജിൽനിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ് കോഴ്സ് പൂർത്തീകരിച്ച ഗൗതമിന് മുണ്ടക്കയം കൃഷിഭവനിൽനിന്ന് മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഗവേഷണങ്ങളിൽ താൽപരനാണ്. പച്ചച്ചാണകം പൊടിക്കാനുള്ള ചെലവുകുറഞ്ഞ യന്ത്രം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഗൗതമിന്റെ സഹോദരി ഗംഗയും സഹോദരനെ സഹായിക്കാൻ ഒപ്പമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..