തലശേരി> ആർഎസ്‌എസ് നേതാവ് നിജിൽദാസും അധ്യാപികയായ അണ്ടലൂരിലെ പി രേഷ്‌മയുമായുള്ളത് അടുത്ത ബന്ധം. ഇടയ്‌ക്ക് വീട്ടിൽ വരാറുണ്ടെന്നും പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതിയാണ് നിജിൽദാസ് എന്ന് അറിയാമെന്നും രേഷ്‌മ പൊലീസിന് മൊഴിനൽകി. കുറച്ചുദിവസം ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്‌തുതരണമെന്ന് വിഷുവിനുശേഷം നിജിൽദാസ് ആവശ്യപ്പെട്ടതുപ്രകാരമാണ് 17 മുതൽ പാണ്ട്യാലമുക്കിലെ വീട്ടിൽ താമസിക്കാൻ സൗകര്യം ചെയ്‌തത്. തലശേരി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യമുണ്ട്.
ഹരിദാസൻ വധത്തിനുശേഷം ഒളിവിൽ കഴിഞ്ഞ ആർഎസ്‌എസ് ഖണ്ഡ് കാര്യവാഹക് നിജിൽദാസ് രേഷ്‌മയെ തുടർച്ചയായി വിളിച്ചതിന്റെ തെളിവും പൊലീസ് ശേഖരിച്ചു. നിജിൽദാസിന്റെ ഭാര്യ വടക്കുമ്പാട് മഠത്തുംഭാഗത്തെ ദിപിനയുമായുള്ള അടുപ്പത്തിലാണ് വീട് നൽകിയതെന്ന അവകാശവാദം പൊളിക്കുന്നതാണ് സൈബർസെൽ ശേഖരിച്ച ഫോൺസംഭാഷണം. ദിപിനയും രേഷ്‌മയും ചെറുപ്പത്തിലേ സൗഹൃദത്തിലായിരുന്നുവെന്ന കുടുംബത്തിന്റെ വാദം മഠത്തുംഭാഗത്തള്ളവരും തള്ളുന്നു.
അയൽക്കാരെയും കബളിപ്പിച്ചു
അധ്യാപക ദമ്പതികൾ താമസിക്കാനായി വരുന്നു എന്നാണ് സമീപത്തെ ബന്ധുവീട്ടുകാരോട് രേഷ്‌മ പറഞ്ഞത്. അയൽക്കാരോട് കളവുപറഞ്ഞാണ് നിജിൽദാസിനെ താമസിപ്പിച്ചത്. അയൽക്കാർ പലരും ഇയാളെ കണ്ടിരുന്നു. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയാണെന്ന് പൊലീസ് എത്തിയപ്പോഴാണ് മനസിലായത്. പ്രതി താമസം തുടങ്ങിയശേഷവും രേഷ്‌മ വന്നതായി അയൽക്കാർ പറഞ്ഞു. സ്‌കൂളിലേക്ക് പോകുന്നവഴി രണ്ടുമൂന്ന് ദിവസം രാവിലെ രേഷ്‌മ ഇവിടേക്ക് സ്‌കൂട്ടറിൽ വരുന്നതും മടങ്ങുന്നതും നാട്ടുകാരും കണ്ടതാണ്. ഭക്ഷണമെത്തിക്കാനും ഒളിച്ചുതാമസിപ്പിക്കാനും മാത്രമുള്ള അടുപ്പം ഇവർ തമ്മിലുണ്ടായിരുന്നുവെന്നതിന് മൊബൈൽഫോൺ സംഭാഷണവും തെളിവായുണ്ട്.
അണ്ടലൂർക്കാവിലേക്ക് ആർഎസ്‌എസ് നടത്തിയ നാമജപഘോഷത്രയിൽ രേഷ്‌മയും പങ്കെടുത്തിരുന്നു. ശബരിമല സ്‌ത്രീപ്രവേശ വിധിക്കെതിരായ സമരത്തിലും ആർഎസ്‌എസ് അനുകൂല നിലപാടായിരുന്നു. നിജിൽദാസുമായുള്ള ബന്ധമാണ് ഇവരെ ആർഎസ്‌എസ്സിലേക്ക് അടുപ്പിച്ചത്. അതുവഴി കൊലക്കേസ് പ്രതിയെവരെ സംരക്ഷിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തി. പൊലീസ് ശേഖരിച്ച തെളിവും പ്രതിയുടെ മൊഴിയും വലതുപക്ഷ മാധ്യമങ്ങളുടെ അപവാദവാർത്തകളെല്ലാം തള്ളുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..