19 September Thursday

അണ്ണന്റെ കടയിൽ കണ്ണന്‌ സ്നേഹപ്പറ്റ്‌

എ ബി അൻസാർUpdated: Thursday Jul 25, 2024

പത്തനാപുരം > രാവിലെ രണ്ടു പൊറോട്ട, ഉച്ചയ്‌ക്കും വൈകിട്ട്‌ നാല് മണിക്കും വട, 6.30 ആകുമ്പോൾ ഒരു പഴം. കണ്ണന്റെ ആഹാരക്രമം ഹസ്സൻകുട്ടി അണ്ണന് കാണാപ്പാഠം. കണ്ണനെന്നു നാട്ടുകാർ വിളിക്കുന്ന മയിലും പുന്നമൂട്ടിലെ ഹസ്സൻകുട്ടിയും തമ്മിലുള്ള ആത്മബന്ധം പ്രത്യേകതയുള്ളതാണ്.

മൂന്നുവർഷം മുമ്പാണ്‌ പത്താനാപുരം പുന്നമൂട്ടിലെ റബർ എസ്റ്റേറ്റിനോടു ചേർന്ന ഹസ്സൻകുട്ടി അണ്ണന്റെ കടയിലേക്ക് അഞ്ച് മയിൽ കുഞ്ഞുങ്ങൾ എത്തുന്നത്. നാല് പെൺമയിലും ഒരു ആൺമയിലും. വലുതായപ്പോൾ പെൺമയിലുകൾ സ്ഥലംവിട്ടു. ആൺമയിലും ഹസ്സൻകുട്ടിയും പതിയെ സുഹൃത്തുക്കളായി.

ഹസ്സൻകുട്ടിയുടെ കടയിൽനിന്നാണ്‌ കണ്ണന് ദിവസേന ആഹാരം. കൃത്യ സമയത്ത് ഭക്ഷണത്തിനെത്തും. അത് ഹസ്സൻകുട്ടിയുടെ കയ്യിൽ നിന്നുതന്നെ കിട്ടുകയും വേണം. ഭക്ഷണം കിട്ടിയില്ലെങ്കിൽ ഒച്ചയുണ്ടാക്കും. ഹസ്സൻകുട്ടിയെ കണ്ടില്ലെങ്കിൽ അന്വേഷിച്ച് നടക്കും. ചിലപ്പോൾ വാവിട്ട്‌ കരയും. ഹസ്സൻകുട്ടിയെ 20 ദിവസം വിദേശത്തു പോയപ്പോൾ കണ്ണൻ നിരാഹാരസമരത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഏറെ ദിവസത്തിനു ശേഷമാണ് വീണ്ടുമെത്തിയത്‌. ആഹാരം കഴിച്ച്‌ വയറുനിറഞ്ഞു കഴിഞ്ഞാൽ റബർതോട്ടത്തിലും സമീപപ്രദേശങ്ങളിലും കറങ്ങി നടക്കും.

ഭക്ഷണം കൊടുക്കാൻ ഹസ്സൻകുട്ടിയെ മാത്രമേ അടുപ്പിക്കൂ എങ്കിലും കടയിൽ വരുന്നവർക്കും കണ്ണൻ പ്രിയപ്പെട്ടവനാണ്‌. മയിൽ ഉള്ളതിനാൽ ഇഴജന്തുക്കളുടെ ശല്യം ഉണ്ടായിട്ടില്ലെന്നാണ്‌ പ്രദേശവാസികൾ പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top