കൊച്ചി > കൊടകര കള്ളപ്പണ കേസിൽ ഇ ഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നാണ് ഇ ഡിയ്ക്ക് സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. കൊടകര കേസിലെ അമ്പതാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
കൊള്ളയടിക്കപ്പെട്ട പണമുപയോഗിച്ച് പ്രതികൾ വാങ്ങിയ സ്വർണം അളന്നുതിട്ടപ്പെടുത്തിയതിന് സാക്ഷിയായിരുന്നു സന്തോഷ്. കേസിന്റെ അന്വേഷണം മുന്നോട്ട് പോയിട്ടില്ല, കേസിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട്, കൃത്യമായ അന്വേഷണം നടത്തി ഇഡിയോട് അന്തിമ കുറ്റപത്രം സമർപ്പിക്കാൻ നിർദേശിക്കണം തുടങ്ങിയവയാണ് സന്തോഷ് നൽകിയ ഹർജിയിലെ ആവശ്യങ്ങൾ. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
2021ൽ മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ് ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴൽപ്പണം കടത്തുകാരൻ ധർമരാജൻ മൊഴി നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..