22 November Friday

ആരോഗ്യനയം : ചർച്ചയുടെ വാതിൽതുറന്ന്‌ സെമിനാർ ; മാർഗനിർദേശങ്ങളും പഠനങ്ങളുമായി കേരള പഠന കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

അഞ്ചാം അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ മുന്നോടിയായി കോട്ടയം സിഎംഎസ് കോളേജിൽ


കോട്ടയം
കേരളത്തിന്റെ ആരോഗ്യമേഖല പുതിയകാല വെല്ലുവിളികൾ ഏറ്റെടുത്ത്‌ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള മാർഗനിർദേശങ്ങളും പഠനങ്ങളുമായി കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായുള്ള ദ്വിദിന  ആരോഗ്യ സെമിനാറിന്‌ കോട്ടയത്ത്‌ തുടക്കം. ഡോക്ടർമാരും ആരോഗ്യമേഖലയിലെ വിദഗ്‌ധരും വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.

കോട്ടയം ടി കെ സ്‌മാരക സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സെമിനാർ ശാരീരിക–-മാനസിക ആരോഗ്യരംഗത്തെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്‌. ആയുഷ്‌, ജീവിതശൈലീരോഗങ്ങൾ, പാലിയേറ്റീവ്‌ കെയർ, ആരോഗ്യവും ഔഷധമേഖലയും, ആരോഗ്യ സാമ്പത്തികശാസ്‌ത്രം, ആരോഗ്യ ഇൻഷുറൻസ്‌, ഡിജിറ്റൽ ഹെൽത്ത്‌, തദ്ദേശസ്ഥാപനങ്ങളും ആരോഗ്യമേഖലയും, ദന്താരോഗ്യം, ആരോഗ്യനിയമങ്ങൾ, ആരോഗ്യനയങ്ങൾ: ആസൂത്രണവും ഭരണപ്രക്രിയയും, കോവിഡാനന്തര പ്രശ്‌നങ്ങൾ, പുത്തൻ ഗവേഷണ സാധ്യതകൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആരോഗ്യസംരക്ഷണം, ആരോഗ്യ സർവകലാശാലയും വിദ്യാഭ്യാസവും, ജനസംഖ്യ വ്യതിയാനവും മുതിർന്ന പൗരന്മാരുടെ ആരോഗ്യവും തുടങ്ങിയ വിഷയങ്ങളാണ്‌ ചർച്ചചെയ്‌തത്‌.

ചർച്ച തിങ്കളാഴ്‌ചയും തുടരും. ഇവ ക്രോഡീകരിച്ച്‌ കേരള പഠനകോൺഗ്രസിൽ ചർച്ച നടത്തും. സെമിനാർ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ഇഎംഎസ്‌ പഠനകേന്ദ്രം ഡയറക്‌ടർ ഡോ. തോമസ്‌ ഐസക്‌ സ്വാഗതം പറഞ്ഞു.

ആരോഗ്യ സെമിനാറിൽ 
ആയിരത്തോളം പ്രതിനിധികൾ
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത്‌ അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന്റെ മുന്നോടിയായ കോട്ടയത്ത്‌ ആരംഭിച്ച ആരോഗ്യസെമിനാറിന്‌ വിവിധ ജില്ലകളിൽനിന്നായി ആയിരത്തോളം പ്രതിനിധികൾ.  കോട്ടയം ടി കെ സ്‌മാരക സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ "കേരളത്തിലെ ആരോഗ്യമേഖല' എന്ന വിഷയത്തിൽ സിഎംഎസ്‌ കോളേജിലാണ്‌ സെമിനാർ നടക്കുന്നത്‌.  200ൽപരം ഡോക്‌ടർമാരും 100ൽപരം ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ ആയിരം പേർ രണ്ടുദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ പങ്കെടുക്കും.

സിഎംഎസ്‌ കോളേജ്‌ കാമ്പസിലെ 10 ഉപവേദികളിലായാണ്‌ പ്രബന്ധാവതരണങ്ങളും സംവാദങ്ങളും നടക്കുന്നത്‌. ഇതിൽ ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും തിങ്കളാഴ്‌ച ക്രോഡീകരിക്കും. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും ആരോഗ്യമേഖലയെപ്പറ്റി കേരള പഠന കോൺഗ്രസിലെ ചർച്ചകൾ.

സെമിനാർ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. എകെജി പഠനഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ്‌ ഐസക്‌,  ആരോഗ്യ അക്കാദമിക്‌ സമിതി ചെയർമാൻ ഡോ. ബി ഇക്‌ബാൽ, സംഘാടകസമിതി ഭാരവാഹികളായ എ വി റസൽ, അഡ്വ. റജി സഖറിയ, എം വി കോര എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ പ്രമുഖരുടെ നിരയുണ്ടായിരുന്നു. മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ, കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ടി കെ ജയകുമാർ, മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. വർഗീസ്‌ പുന്നൂസ്‌, അക്കാദമിക്‌ കമ്മിറ്റി കൺവീനർ ഡോ. പി കെ ജമീല, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, കെ എം രാധാകൃഷ്‌ണൻ, അഡ്വ. കെ സുരേഷ്‌കുറുപ്പ്‌, കൃഷ്‌ണകുമാരി രാജശേഖരൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു എന്നിവർ പങ്കെടുത്തു.

കൂട്ടിരിപ്പുകാരില്ലാത്ത 
രോഗികളുടെ 
കണക്കെടുക്കണം
കൂട്ടിരിപ്പുകാരില്ലാത്ത നിരവധി രോഗികൾ ആശുപത്രികളിലുണ്ട്‌. മിക്കവാറും ആരും തുണയില്ലാതെ, മുഴുപ്പട്ടിണിയിൽ ഒറ്റക്ക്‌ കഴിയുന്നവരാണിവർ. ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ച്‌ അവരെ സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യനിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം ചർച്ചകളിൽ ഉയർന്നുവന്നു.   ഇത്തരം രോഗികൾ ഭൂരിഭാഗവും പുരുഷന്മാരാണ്‌. റോഡരികിൽ ഉറങ്ങുന്നവരും, ചെറിയ ജോലിയെടുത്ത്‌ ഒതുങ്ങിക്കൂടി കഴിയുന്നവരുമുണ്ട്‌. ഇവരെ പരിപാലിക്കാൻ പദ്ധതി വേണം.

ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ ലിംഗപരമായ ചികിത്സ തേടുന്നുണ്ടെന്നും ഇതിലെ അപകടത്തെക്കുറിച്ച്‌ ഇവർക്ക്‌ ബോധ്യമില്ലെന്നും അഭിപ്രായമുയർന്നു. ബോധവൽക്കരണ പരിപാടികളിലൂടെ വളരെ കുറവ്‌ ആളുകൾക്ക്‌ മാത്രമേ ട്രാൻസ്‌ജെൻഡർ സമൂഹത്തോടുള്ള നിലപാടിൽ മാറ്റമുണ്ടായിട്ടുള്ളൂ എന്നും പഠനങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി.
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top