22 December Sunday

ദുരിതം പെയ്‌ത്‌ മഴ ; വ്യാപകനാശം , 8 മരണം

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024


തിരുവനന്തപുരം
വടക്കൻ –-മധ്യ കേരളത്തിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. വിവിധ ജില്ലകളിലായി എട്ടുപേർ മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽവീണ്‌ രണ്ടുപേർ മരിച്ചു. ചൊക്ലി ഒളവിലം മേക്കരവീട്ടിൽ താഴെകുനിയിൽ കെ ചന്ദ്രശേഖരൻ (62), മട്ടന്നൂർ കായലൂർ കുംഭംമൂലയിൽ കോളാരി ഷഫീനാസ് മൻസിലിൽ സി കുഞ്ഞാമിന (51) എന്നിവരാണ്‌ മരിച്ചത്‌. വയനാട്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന്‌ ഷോക്കേറ്റ്‌ ആദിവാസി യുവാവ്‌ പുൽപ്പള്ളി ഇരുളം എഴുപത്തിമൂന്നിലെ സുധൻ (32) മരിച്ചു. തിരുവല്ല മേപ്രാലിൽ പുല്ലു ചെത്താൻ പോയ തട്ടുതറയിൽ വീട്ടിൽ ടി സി റെജിയും (48) വൈദ്യുതാഘാതമേറ്റ്‌ മരിച്ചു.  മലപ്പുറം മേലാറ്റൂർ വെള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പാലക്കാട് അലനല്ലൂർ മരുതംപാറ പടുവിൽകുന്ന് പുളിക്കൽ യൂസഫി (60)ന്റെ മൃതദേഹം കണ്ടെത്തി. വടക്കഞ്ചേരി കണ്ണമ്പ്രയിൽ വീടിന്റെ ചുവരിടിഞ്ഞുവീണ്‌ കൊട്ടേക്കാട്‌ വീട്ടിൽ സുലോചനയും (70), മകൻ രഞ്ജിത്തും (32) മരിച്ചു. തിരുവനന്തപുരം വഴയിലയിൽ ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് മരംവീണ് വിതുര മാങ്കാട് പരപ്പാറ കിഴക്കുംകര വീട്ടിൽ ഒ മോളി (42) മരിച്ചു. ആലത്തൂർ ചിറ്റിലഞ്ചേരിയിൽ പുഴയിൽ ഇറങ്ങിയ ആൾക്കായി തിരച്ചിൽ തുടരുന്നു.   കണ്ണൂർ, കോഴിക്കോട്‌ ജില്ലകളിൽ അതിതീവ്ര മഴയാണ്‌ തുടരുന്നത്‌. ഇടുക്കി, പാലക്കാട്‌ ജില്ലകളിലും മഴ നാശം വിതച്ചു. വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ്‌ പ്രവചനം. സംസ്ഥാനത്ത്‌ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 76 കുടുംബങ്ങളിലെ 224 പേരെ മാറ്റിപ്പാർപ്പിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു. കല്ലാർകുട്ടി, മലങ്കര, ലോവർപെരിയാർ തുടങ്ങിയ സംഭരണികളിലെ ഷട്ടർ ഉയർത്തി. പെരിയാറിൽ ജലനിരപ്പ്‌ ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. ഭവാനിപ്പുഴ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. പാലക്കാട്‌, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ വ്യാപക കൃഷിനാശമുണ്ട്‌. മലയോരങ്ങളിലേക്കുള്ള രാത്രിയാത്രയ്ക്ക്‌ വിലക്കുണ്ട്‌. പാലക്കാട്‌ ഇടുക്കി ജില്ലകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

ബുധൻ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വ്യാഴം കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ) പ്രഖ്യാപിച്ചു. ബുധൻ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും വ്യാഴം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌.    സംസ്ഥാനത്ത്‌ ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ്‌ (84.5 മി.മീ) ചൊവ്വ രാവിലെ എട്ടിന്‌ അവസാനിച്ച 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്‌.  കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിന്‌ സാധ്യതയുണ്ട്‌. മീൻപിടിക്കാൻ പോകരുത്‌. കേരള തീരത്ത്‌ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്‌.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ: 
ജാഗ്രത വേണം
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ ആവശ്യമായ മുൻകരുതൽ  സ്വീകരിച്ചതായി  മന്ത്രി കെ രാജൻ പറഞ്ഞു. മഴക്കെടുതി വിലയിരുത്താൻ കലക്ടർമാരുടെ യോഗം ചേർന്നശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്‌ചയോടെ  സംസ്ഥാനത്ത്‌ പുതിയ ന്യൂനമർദം ശക്തമാകാൻ സാധ്യതയുണ്ട്‌. ഇടുക്കിയിലും വടക്കൻ കേരളത്തിലും മഴ കനക്കും. ഇത്‌ ഏറ്റക്കുറച്ചിലുകളോടെ ആഗസ്‌ത്‌ മൂന്നുവരെ തുടരുമെന്നാണ്‌ നിരീക്ഷണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്‌ക്ക് സാധ്യതയുണ്ട്‌. നിലവിൽ പ്രളയസാധ്യതയില്ല. അണക്കെട്ടുകളിൽ അപകടകരമായ സാഹചര്യമില്ല.

കാസർകോട് , കണ്ണൂർ ജില്ലകളിൽ പുതിയ ഹോട്ട് സ്‌പോട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ദേശീയ പാത നിർമാണത്തിന്‌ മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്‌. നിർമാണം നടക്കുന്ന റോഡുകളിൽ സൂചനാ ബോർഡുകൾ ഉറപ്പാക്കണം. രാത്രിയാത്ര പരമാവധി ഒഴിവാക്കണം.

സർക്കാർ സജ്ജം
നിലവിൽ സംസ്ഥാനത്ത്‌ 11 ക്യാമ്പുകളാണുള്ളത്‌.  76 കുടുംബങ്ങളിലെ 224 പേരാണ്‌ ക്യാമ്പിലുള്ളത്‌. അവശ്യഘട്ടങ്ങളിൽ പുതിയ ക്യാമ്പുകൾ ആരംഭിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. 11,937 സ്‌കൂളുകൾ കണ്ടെത്തി. 13 ലക്ഷം പേർക്ക്‌ താമസിക്കാനാകും. എൻഡിആർ എഫിന്റെ ഒമ്പത്‌ ടീം സംസ്ഥാനത്തുണ്ട്. സൈന്യം, ഇന്തോ ടിബറ്റൻ സേന, സിആർപിഎഫ്‌ എന്നിവരും സജ്ജമാണ്‌. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ നടപ്പാക്കിയ ആർആർടികളുടെ പ്രവർത്തനം പഞ്ചായത്തുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

വെള്ളിമുതൽ വീണ്ടും ന്യൂനമർദം
ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യത. നിലവിൽ തെക്കൻ ഛത്തീസ്‌ഗഡിന്‌ മുകളിൽ മറ്റൊരു ന്യൂനമർദവും വടക്കൻ കേരള തീരംമുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദ പാത്തിയുമുണ്ട്‌. ശക്തിയേറിയ വടക്കു പടിഞ്ഞാറൻ കാറ്റുമുണ്ട്‌. ഇവയുടെ സ്വാധീനത്തിലാണ്‌ സംസ്ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നത്‌.   അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ  പ്രതീക്ഷിക്കുന്നു

 ഒഴുക്കിൽപ്പെട്ട വയോധിക മരത്തിൽ 
പിടിച്ചിരുന്നത്‌ പത്തരമണിക്കൂർ
 തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വയോധിക പ്രാണരക്ഷാർഥം മരത്തിൽ പിടിച്ചിരുന്നത്‌ പത്തരമണിക്കൂറിലേറെ. സൗത്ത് പനമണ്ണ പൂക്കാട്ടുകുറുശിവീട്ടിൽ ചന്ദ്രമതി (79) ചൊവ്വ രാവിലെ ആറിന്‌ കുളിക്കുന്നതിനിടെ ശക്തമായ വെള്ളപ്പാച്ചിലിൽ പ്പെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കുളിക്കടവിന്‌  200 മീറ്റർ അകലെ മരത്തിൽ പിടിച്ചിരിക്കുന്ന നിലയിൽ വൈകിട്ട് 4.30യോടെ കണ്ടെത്തുകയായിരുന്നു.  നാട്ടുകാർ ഇവരെ രക്ഷിച്ച്‌ കരയ്‌ക്കെത്തിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top