26 December Thursday
143 കുടുംബത്തെ 
മാറ്റിപ്പാർപ്പിച്ചു

നാശംവിതച്ച്‌ മഴ തുടരുന്നു ; 6 മരണം, കൃഷിനാശം വ്യാപകം , ജാഗ്രത വേണം

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024

ആലപ്പുഴ പുതുവലിലെ കെ പി സന്തോഷിന്റെ വീടിനകത്ത് വെള്ളം കയറിയപ്പോൾ വളർത്തുനായ പക്രുവിന് കട്ടിലിൽ അഭയം നൽകുന്നു

 


തിരുവനന്തപുരം
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത നാശം വിതച്ച കാലവർഷത്തിന്‌ ബുധനാഴ്‌ച ശക്തികുറഞ്ഞെങ്കിലും ദുരിതം തുടരുന്നു.  വിവിധ ജില്ലകളിലെ മഴക്കെടുതികളിൽ ആറ്‌ പേർ മരിച്ചു. തിരുവനന്തപുരത്ത്‌ മീൻപിടിത്ത വള്ളം മറിഞ്ഞ്‌   മര്യനാട്‌ അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45), തിങ്കളാഴ്‌ചയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ആലപ്പുഴ പവർഹൗസ്​ വാർഡിൽ സിയ മൻസിലിൽ ഉനൈസ്​ (28), ഇടുക്കി മാങ്കുളം താളുങ്കണ്ടംകുടിയിൽ കൈത്തോട്ടിൽ കാൽവഴുതി വീണ  സുനീഷ് സുരേഷ് (21),  കോന്നി കിഴക്കുപുറത്ത്   ബൈക്ക്മറിഞ്ഞ്‌ മഠത്തിലേത്ത്‌ വീട്ടിൽ എം കെ ബിനു(53)എന്നിവരാണ്  മരിച്ചത്.  പാലക്കാട്‌ ആലത്തൂർ ചിറ്റിലഞ്ചേരി മുതുകുന്നിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ടു ദിവസംമുമ്പ്‌ കാണാതായ രാജേഷി (42)ന്റെ മൃതദേഹവും   അട്ടപ്പാടി ശിരുവാണി പുഴയുടെ  സമീപം പുലിയറ തുമ്പപ്പാറയിൽ അജ്ഞാതനായ വയോധികന്റെ മൃതദേഹവും കണ്ടെത്തി.

മഴയിലും കാറ്റിലും സംസ്ഥാനത്ത്‌ രണ്ടു വീട്‌ പൂർണമായും 97 വീട്‌ ഭാഗികമായും തകർന്നു. 31 ദുരിതാശ്വാസ ക്യാമ്പുകളിലായി 143 കുടുംബത്തിലെ 474 പേരെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാന വ്യാപകമായി കൃഷിനാശവുമുണ്ട്‌. വയനാട്ടിൽ അതിതീവ്ര മഴയാണ്‌. ആലപ്പുഴയിൽ തോട്ടപ്പള്ളി സ്പിൽവേയിൽ കൂടുതൽ ഷട്ടറുകൾ തുറന്നു. കടലുണ്ടിപ്പുഴയിൽ വെള്ളം ഉയർന്നതോടെ വേങ്ങര ബാക്കിക്കയം റഗുലേറ്ററിന്റെ എല്ലാ ഷട്ടറും തുറന്നു. കണ്ണൂർ, -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.



നാളെ പുതിയ ന്യൂനമർദ 
സാധ്യത; 10 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌
ബംഗാൾ ഉൾക്കടലിൽ വെള്ളിയോടെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. നിലവിലുണ്ടായിരുന്ന ന്യൂനമർദം ദുർബലമായി. വടക്കൻ കേരള തീരംമുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. കേരള തീരത്ത്‌ കാലവർഷക്കാറ്റിന്റെ വേഗം 65 കിലോ മീറ്റർവരെയായി.  തീരദേശത്തും മലയോരമേഖലയിലും പ്രത്യേക ജാഗ്രത വേണം.

വ്യാഴം കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വെള്ളി കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ) പ്രഖ്യാപിച്ചു. വ്യാഴം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വെള്ളി ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) ആണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top