22 December Sunday
മുത്തങ്ങയിൽ 
ഗതാഗതം തടസ്സപ്പെട്ടു , നാടുകാണി ചുരം 
റോഡിൽ വിള്ളൽ ,1473 പേരെ മാറ്റിപ്പാർപ്പിച്ചു

ദുരിതപ്പെരുമഴ ; 11 വീട്‌ പൂർണമായും 
323 വീട്‌ ഭാഗികമായും തകർന്നു

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2024

മാനന്തവാടി വള്ളിയൂർകാവിൽ വീട്ടിൽ വെള്ളംകയറി കുടുങ്ങിയ നേപ്പാൾ സ്വദേശി ഹരീഷിനെയും മകൻ പ്രശാന്തിനെയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ രക്ഷപ്പെടുത്തുന്നു


തിരുവനന്തപുരം
വടക്കൻ കേരളത്തിൽ കനത്ത നാശംവിതച്ച്‌ പെരുമഴ തുടരുന്നു. കണ്ണൂർ, വയനാട്‌ ജില്ലകളിൽ അതിതീവ്ര മഴയാണ്‌. മധ്യകേരളത്തിലും മഴ അതിശക്തം. വടക്കൻ കേരളത്തിൽ രണ്ടുദിവസംകൂടി കനത്ത മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. മഴക്കെടുതിയിൽ സംസ്ഥാനത്ത്‌ ഒരു മരണവും റിപ്പോർട്ട്‌ ചെയ്‌തു.  

കോട്ടയം പനച്ചിക്കാട് മാളികക്കടവിലെ പാടത്തുവീണ് താറാവ് കർഷകൻ പാത്താമുട്ടം തേവരകുന്നേൽ സദാനന്ദനാണ്‌ (55) മരിച്ചത്‌. സംസ്ഥാനത്ത്‌ 11 വീട്‌ പൂർണമായും 323 വീട്‌ ഭാഗികമായും തകർന്നു. 62 ദുരിതാശ്വാസ ക്യാമ്പുകളിലായി 452 കുടുംബങ്ങളിലെ 1473 പേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ വിമാന സർവീസിനെയും മഴ ബാധിച്ചു. വ്യാഴം പുലർച്ചെ കുവൈത്തിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയിലേക്ക്‌ തിരിച്ചുവിട്ടു. കോഴിക്കോട്‌  കക്കയം ഡാമിൽ ജലനിരപ്പ്‌ ഉയർന്നതിനാൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. 2478  അടിയാണ്‌ ജലനിരപ്പ്‌. 

വയനാട്ടിൽ ചിലയിടങ്ങളിൽ 204 മില്ലിമീറ്ററിന്‌ മുകളിലുള്ള അതിതീവ്രമഴയാണ്‌   വ്യാഴം രാവിലെ എട്ടുവരെ രേഖപ്പെടുത്തിയത്‌. കോഴിക്കോട്‌ –- കൊല്ലെഗൽ ദേശീയപാതയിൽ മുത്തങ്ങയിൽ ഗതാഗതം തടസ്സപ്പെട്ടു.  അണക്കെട്ടുകളിൽ ജലനിരപ്പ്‌ ഉയർന്നു. നാടുകാണി ചുരം റോഡിൽ വിള്ളലുണ്ടായി. ചുരത്തിൽ മരം വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു.

ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിനുസമീപം മൺതിട്ട ഇടിഞ്ഞും അടിമാലി കല്ലാർകുട്ടിയിൽ മരംവീണും ഗതാഗതം മുടങ്ങി.

ന്യൂനമർദം രൂപപ്പെട്ടു 
ഇന്ന്‌ 4 ജില്ലയിൽ 
ഓറഞ്ച്‌ അലർട്ട്‌
വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ ശക്തിപ്രാപിച്ച്‌ ഒഡിഷ തീരത്ത്‌ എത്താൻ സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴിയും വടക്കൻ കേരള തീരംമുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു. കേരള തീരത്ത്‌ പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്‌.

വെള്ളി കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ (അതിശക്ത മഴ) പ്രഖ്യാപിച്ചു. വെള്ളി എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലയിലും ശനി കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത്‌ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top