22 December Sunday

മഴ തീവ്രത കുറഞ്ഞു ; സംസ്ഥാനത്തു ലഭിച്ചത്‌ 110 ശതമാനം അധിക മഴ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

വേനലിൽ വറ്റിവരണ്ട്‍ മണൽത്തിട്ടകൾ കണ്ടിരുന്ന ഭാരതപ്പുഴ മൺസൂണിൽ നിറഞ്ഞൊഴുകിയപ്പോൾ. ചെറുതുരുത്തി 
പാലത്തിലൂടെ പോകുന്ന ട്രെയിൻ ഫോട്ടോ: ശരത് കൽപ്പാത്തി


തിരുവനന്തപുരം
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ദിവസങ്ങളായി നാശംവിതച്ച അതിതീവ്ര മഴയ്‌ക്ക്‌ നേരിയ ശമനം. കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഴ തുടരുകയാണെങ്കിലും തീവ്രത കുറഞ്ഞു. ഈ ജില്ലകളിൽ ശനിയാഴ്‌ചയും ശക്തമായ മഴ (മഞ്ഞ അലർട്ട്‌) തുടരും. ഞായർ കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌. മറ്റു ജില്ലകളിൽ മിതമായ മഴയുണ്ടാകും. സംസ്ഥാനത്താകെ 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 968 കുടുംബത്തിലെ 3268 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്‌.
വടക്കൻകേരള തീരംമുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യൂനമർദ പാത്തിയും ബംഗാൾ ഉൾക്കടലിൽ ഒഡിഷ -ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തികൂടിയ ന്യൂനമർദവും രൂപപ്പെട്ടു. ഇത്‌ തീവ്ര ന്യൂനമർദമായി ഒഡിഷ തീരദേശത്ത്‌ പ്രവേശിക്കാനാണ്‌ സാധ്യത.

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌.
വയനാട്‌  ജില്ലയിൽ മഴയുടെ ശക്തികുറഞ്ഞെങ്കിലും നിരവധി പ്രദേശം വെള്ളത്തിലാണ്‌. കബനിയുടെയും കൈവഴികളുടെയും ജലനിരപ്പ്‌ അപകടമുന്നറിയിപ്പിന്‌ മുകളിലും.മഴക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ തകർന്ന വീടുകളുടെ എണ്ണം 174 ആയി.
 
110 ശതമാനം അധികമഴ
കഴിഞ്ഞ ഒരാഴ്‌ച സംസ്ഥാനത്തു ലഭിച്ചത്‌ 110 ശതമാനം അധിക മഴ. 150 മില്ലി മീറ്റർ  മഴ ലഭിക്കേണ്ടിടത്ത്‌ 315.5 മില്ലി മീറ്ററാണ്‌ ലഭിച്ചത്‌. കണ്ണൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ. കണ്ണൂരിൽ 171 ഉം, കോഴിക്കോട്‌ 132 ഉം വയനാട്ടിൽ 95ഉം ശതമാനം അധിക മഴ ലഭിച്ചു. ഇതോടെ കാലവർഷത്തിലെ മഴക്കുറവ്‌ 11 ശതമാനമായി കുറഞ്ഞു. വെള്ളി വരെ 1065.7  മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 951.7 മില്ലി മീറ്ററാണ്‌ ലഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top