22 December Sunday

രണ്ടുദിവസത്തെ മഴ ; 73 വീട്‌ തകർന്നു , ജില്ലയിൽ വ്യാപക നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻതൊട്ടിൽ ജോമോന്റെ വീട്‌ മണ്ണിടിച്ചിലിൽ 
തകർന്നനിലയിൽ. ശക്തമായ മഴയിൽ 40 അടി ഉയരത്തിൽനിന്ന്‌ 
മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു


കൊച്ചി
കഴിഞ്ഞ രണ്ടുദിവസം തുടർച്ചയായി പെയ്‌ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. രണ്ടുവീട്‌ പൂർണമായും 71 വീടുകൾ ഭാഗികമായും തകർന്നു. ആലുവ, പറവൂർ താലൂക്കുകളിലെ ഓരോ വീടുകളാണ്‌ പൂർണമായി തകർന്നത്‌. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി. ദേശീയപാതയിൽ വെള്ളം കയറി. പലയിടത്തും ഗതാഗതതടസ്സം നേരിട്ടു.

കുമ്പളങ്ങിയിൽ രണ്ട് വീട്‌ ഭാഗികമായി തകർന്നു. മട്ടാഞ്ചേരിയിൽ ലീസ് ഭൂമിയിലെ പഴക്കമേറിയ ഇരുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു.
കാലവർഷം രൂക്ഷമായതിനൊപ്പം കാറ്റിന്റെ വേഗം 65 കിലോമീറ്റർവരെ ശക്തിപ്രാപിച്ചതിനാൽ മലയോരമേഖലയിൽ കനത്ത ജാഗ്രത വേണം. കാലടി മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം മൂന്നുദിവസത്തേക്ക്‌ അടച്ചിട്ടു. രണ്ടുദിവസംകൂടി ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വിഭാഗം അധികൃതർ അറിയിച്ചു.

മൂവാറ്റുപുഴയിൽ 16 വീടുകൾ ഭാഗികമായി തകർന്നു. മൂന്നു വീടുകളുടെ സംരക്ഷണഭിത്തിക്ക്‌ ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ആലുവ പാറക്കടവിൽ ഒരുവീട് തകർന്നു. എളവൂർ പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ജാതി, റബർ, തെങ്ങ്, വാഴ എന്നിവ മറിഞ്ഞുവീണു. വൈദ്യുതിത്തൂണുകളും ലൈനുകളും തകരാറിലായിണ്ട്. ചൊവ്വര ചുള്ളിക്കാട്ട് പള്ളിയുടെ സെപ്റ്റിക് ടാങ്കിന്റെ സംരക്ഷണമതിൽ ഇടിഞ്ഞു.

കോതമംഗലത്ത്‌ കുട്ടമ്പുഴ പൂയംകുട്ടിയിൽ ഷാജി, പുളിപ്പറമ്പിൽ ഉണ്ണി എന്നിവരുടെ വീടുകളുടെ സംരക്ഷണഭിത്തി തകർന്നു. പാറപ്പുറം ജോയ്, ഇടമന രാജു എന്നിവരുടെ വീടുകളിലേക്ക് മരം വീണു. കണയന്നൂരിൽ 13 വീട്‌ ഭാഗികമായി തകർന്നു. വാഴക്കാല ചെമ്പുമുക്ക് അയ്യനാട് എൽപി സ്കൂളിനുസമീപത്തെ അസീസി സ്കൂൾ റോഡിൽ തോടിനോടുചേർന്ന 50 മീറ്റർ ടൈലിട്ട റോഡ് ഇടിഞ്ഞു. കൈപ്പഞ്ചേരിൽ നാരായണിയുടെ വീടിനുമുകളിലേക്ക്‌ പുളിമരം വീണു. കിണർ ഇടിഞ്ഞുതാഴ്ന്നു.
കുന്നത്തുനാട് 15 വീടുകളാണ് ഭാഗികമായി തകർന്നത്. പറവൂരിൽ ഒരുവീട് പൂർണമായും 14 വീട്‌ ഭാഗികമായി തകർന്നു. ബുധനാഴ്‌ച പകൽ മഴയ്‌ക്ക്‌ നേരിയ ശമനം ഉണ്ടായതോടെ കടുങ്ങല്ലൂർ കുറ്റിക്കാട്ടുകര ഗവ. യുപി സ്‌കൂളിലെ ക്യാമ്പിൽ ആളൊഴിഞ്ഞതിനാൽ താൽക്കാലികമായി അടച്ചു.

ഹൈറേഞ്ച്‌ യാത്രയ്ക്ക്‌ 
നിയന്ത്രണം
കൊച്ചി-–-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലംവഴി ഹൈറേഞ്ചിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും മരംവീഴലും കണക്കിലെടുത്താണ് യാത്രാനിയന്ത്രണം. നേര്യമംഗലംമുതൽ പനംകുട്ടിവരെ നിരവധി മരങ്ങൾ റോഡിന് കുറുകെ വീണിട്ടുണ്ട്.

മഹാഗണിത്തോട്ടം 
മൂന്നുദിവസം അടച്ചിടും
അതിശക്തമായ മഴയും കാറ്റും മൂലമുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്ന് മലയാറ്റൂർ മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം വ്യാഴം, വെള്ളി, ശനി  അടച്ചിടുമെന്ന് മലയാറ്റൂർ എഫ്ഡിഎ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top