23 December Monday
മിന്നൽച്ചുഴലി

പാറക്കടവിൽ കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

നെടുമ്പാശേരി
വീശിയടിച്ച ശക്തമായ മിന്നൽച്ചുഴലിക്കാറ്റിൽ പാറക്കടവ് പഞ്ചായത്ത്‌ 12–-ാംവാർഡിലെ തിടുക്കേലി പ്രദേശത്ത് വീടുകൾക്കുൾപ്പെടെ കനത്ത നാശനഷ്ടം. തിങ്കൾ പകൽ 12.30 ഓടെയാണ് മിന്നൽച്ചുഴലിക്കാറ്റുണ്ടായത്. മൂന്നുവീടുകളുടെ മുകളിലേക്ക് മരംവീണു. പാടത്തിവീട്ടിൽ ഉണ്ണിയുടെ വീടിന്റെ ഓടിട്ട മേൽക്കൂര പൂർണമായി തകർന്നു. സമീപത്തെ മഹാഗണിയും പ്ലാവുമാണ് ഉണ്ണിയുടെ മേൽക്കൂരയിൽ പതിച്ചത്. വീടിനകത്ത് ആളുകളില്ലായിരുന്നു.

ഇരുമ്പൻ അന്തോണിയുടെ ഭാര്യ മേരി അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പുരയുടെ മുകളിൽ മരം വീണത്‌. മേൽക്കൂര ഭാഗികമായി തകർന്ന് ഓട് താഴെവീണെങ്കിലും മേരി രക്ഷപ്പെട്ടു.


കണ്ണോളിപ്പറമ്പിൽ തിലകന്റെ വീടിനുമുകളിലും മരം വീണു. പ്രദേശത്തെ കർഷകരുടെ വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ മരങ്ങൾ മിന്നൽച്ചുഴലിയിൽപ്പെട്ട് മറിഞ്ഞു. മരങ്ങൾ വൈദ്യുതിലൈനിൽവീണ് ലൈൻ പൊട്ടി പ്രദേശത്ത് വൈദ്യുതിതടസ്സവുമുണ്ടായി.


സിപിഐ എം പാറക്കടവ് ലോക്കൽ  സെക്രട്ടറി ജീബിൻ വർഗീസിന്റെ നേതൃത്വത്തിൽ എം കെ പ്രകാശൻ, കെ ആർ വിൻസെന്റ്, ജിഷ ശ്യാം, റീന രാജൻ, അഭിലാഷ് നളിനം എന്നിവർ സ്ഥലം സന്ദർശിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം ഉൾപ്പെടെ അടിയന്തരസഹായം നൽകണമെന്ന് സ്ഥലത്തെത്തിയ പാറക്കടവ് വില്ലേജ് ഓഫീസറോട് സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു.

തിടുക്കേലിയിലെ അങ്കണവാടിയുടെ മുറ്റത്ത് അപകടകരമായ നിലയിൽനിൽക്കുന്ന വലിയ തെങ്ങ് മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. കാർഷികവിളകൾക്കുണ്ടായ നഷ്ടം വിലയിരുത്തുന്നതിന് പാറക്കടവ് കൃഷി ഓഫീസർ ചൊവ്വാഴ്ച സ്ഥലത്തെത്തുമെന്ന്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top