തിരുവനന്തപുരം> സംസ്ഥാനത്ത് നില്‍ക്കാതെ പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും നാശനഷ്ടവും. അപകടം മൂലം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുന്നു. അതിരപ്പള്ളി, മലക്കപ്പാറ ഉള്‍പ്പെടെയുള്ള വനമേഖലയില്‍ വലിയ തോതില്‍ മഴ തുടരുകയാണ്. ഇതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
ഇന്നലെ രണ്ട് ഷട്ടറുകളാണ് വൈകുന്നേരം തുറന്നത്. എന്നാല്‍ രാത്രിയോടെയും ഇന്ന് രാവിലെയുമായി അഞ്ച് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഏഴ് ഷട്ടറുകളാണുള്ളത് ഡാമിനുള്ളത്.
ഇതോടൊപ്പം തന്നെ ചാലക്കുടി പുഴയിലെ ജലനിരപ്പും ഉയരുകയാണ്. ചാലക്കുടി തീരങ്ങളില്‍ പെയ്യുന്ന മഴയുടെ അളവും വളരെ കൂടുതലാണ് .ഇതും പുഴയില്‍ ജലം ഉയരുന്നതിന് കാരണമാകുന്നു. വെട്ടുകടവുഭാഗത്ത് ആറ് മീറ്റര്‍ ഉയരത്തിലാണ് നിലവില്‍ ജലനിരപ്പുള്ളത്. അത് 3 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഈ മേഖലിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടിയിലാകും.
രണ്ട് വര്‍ഷം മുമ്പ് ഈ പ്രദേശങ്ങളില്‍ സമാനമായ സാഹചര്യത്തില്‍ വലിയ തോതില്‍ വെള്ളം കയറിയതാണ്.ചാലക്കുടി പുഴയുടെ കരയില്‍ പെയ്യുന്ന മഴമൂലമായിരുന്നു അത്. നിലിവല്‍ ആശങ്കയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
കനത്ത മഴയില്‍ പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ശക്തമായ കാറ്റിനെ തുടര്‍ന്ന് കോട്ടയം കുമ്മനത്തെ ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റന്‍ മരമാണ് കടപുഴകി വീണത്.
മഴക്കെടുതിയില്‍ ചൊവ്വാഴ്ച മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ നാട്ടുകാരെത്തി നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് കരുതുന്നത്.
കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന(51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടയിലുണ്ടായ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.
പെരിയാറില്‍ ജലനിരപ്പ് കൂടിയതോടെ തിങ്കളാഴ്ച വൈകീട്ടോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെ നീരൊഴുക്ക് ശക്തിയായതോടെയാണ് 15 ഷട്ടറുകളും ഉയര്‍ത്തിയത്. നടുഭാഗത്തെ നാല് ഷട്ടറുകള്‍ 5 മീറ്റര്‍ വീതവും മറ്റ് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്.
പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ ഉയര്‍ത്തുമെന്നും അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ഉയര്‍ത്തിയിട്ടുള്ള 60 സെ.മീ നിന്നും 90 സെ.മീ ആക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പോപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇരുഡാമുകളുടേയും സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..