24 December Tuesday

മഴ: വ്യാപകനാശം , വീടുകൾ തകർന്നു

സ്വന്തം ലേഖകർUpdated: Tuesday Jul 16, 2024

കൂത്താട്ടുകുളം പെരുമ്പടവം കുന്നുമ്മൽ ബിനുവിന്റെ വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്ന നിലയിൽ


കൊച്ചി
നാശംവിതച്ച്‌ ജില്ലയിൽ കനത്ത മഴ. വിവിധയിടങ്ങളിൽ വീടുകൾ തകർന്നു. താഴ്‌ന്നപ്രദേശങ്ങളിൽ വെള്ളം കയറി. കുന്നത്തുനാട് താലൂക്ക് തിരുവാണിയൂർ മുക്കാടത്ത് ഉണ്ണിക്കൃഷ്ണന്റെ വീടിനുമുകളിൽ മരം വീണു. പറവൂരിൽ രണ്ട് വീടുകൾ തകർന്നു. വടക്കേക്കര പുത്തൻപുരക്കൽ അനിരുദ്ധന്റെ വീടിനുമുകളിലേക്ക് സമീപത്തെ ആഞ്ഞിലി കടപുഴകിവീണു. ചിറ്റാറ്റുകര പഞ്ചായത്ത്  പട്ടണംവടക്ക് കണ്ണാട്ടുപാടത്ത് കൃഷ്ണകുമാറിന്റെ വീടിനുമുകളിലേക്ക് മരംവീണ് ഭാഗികമായി തകർന്നു. വാഴക്കാല–-ചെമ്പുമുക്ക് അയ്യനാട് അസീസി സ്കൂൾ റോഡ്‌ 50 മീറ്ററോളം ഇടിഞ്ഞുതാഴ്ന്നു. കോട്ടപ്പുറം കൂനമ്മാവ് റോഡിൽ കെഇഎം ഹൈസ്കൂളിനുസമീപം തെങ്ങ്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ടു. കറുകുറ്റി -പാലിശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന മിനിലോറികൾക്കുമേലെ തേക്ക് ഒടിഞ്ഞുവീണു. ഡ്രൈവർമാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

കൂത്താട്ടുകുളം
കനത്ത മഴയിലും കാറ്റിലും കൂത്താട്ടുകുളം മേഖലയിൽ രണ്ടുവീടുകൾ തകർന്നു. നടക്കാവ് തിരുമാറാടി മണ്ണത്തൂര്‍  പനച്ചിംതടത്തില്‍ ഭവാനി ആനന്ദന്റെ വീടിനുമുകളിൽ മരം വീണ്‌ ഭാഗികമായി തകർന്നു. ഇലഞ്ഞി പെരുമ്പടവം കുന്നുമ്മൽ ബിനുവിന്റെ വീടിനുമുകളിൽ മരം വീണ് ഒരുഭാഗം തകർന്നു. ഇടയാർ കണിപ്പടി റേഷൻകടയ്ക്ക് മുൻവശം മരത്തിന്റെ  ശിഖരം ലൈനിൽ വീണ് വൈദ്യുതക്കാൽ റോഡിലേക്ക് മറിഞ്ഞുവീണു. അഗ്നിരക്ഷാസേനയെത്തിയാണ്‌  ഗതാഗതം പുനഃസ്ഥാപിച്ചത്‌. കൂത്താട്ടുകുളം റോഡിലും ഇടറോഡുകളിലും വെള്ളക്കെട്ടുണ്ടായി.

പിറവം ഓണക്കൂർ പള്ളിമ്യാലിൽ ബെന്നിയുടെ വീടിനുമുകളിലേക്ക്‌ തിങ്കൾ ഉച്ചയോടെ മരം വീണു. വീടിന് കേടുപാടുകൾ പറ്റിയെങ്കിലും ആർക്കും പരിക്കില്ല. പാമ്പാക്കുട ഇലക്ട്രിക് സെക്‌ഷന്റെ കീഴിൽ വിവിധയിടങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതിബന്ധം തകരാറിലായി. കൊണ്ടാട് കവലയിലും രാമപുരത്തുമായി നാലിടത്ത്‌ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ചോരക്കുഴി മൺചിറ റോഡ്, അമ്പലക്കുളം മംഗലത്തുതാഴം റോഡ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അമനകരയിൽ കൂറ്റൻ പ്ലാവ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തിരുമാറാടി ഭജനമഠത്തിൽ സജീവന്റെ വീട്ടിലേക്ക് പ്ലാവ് കടപുഴകി വീണു.

മുളന്തുരുത്തി
മുളന്തുരുത്തി കാതോലിക്കേറ്റ് സെന്ററിനുമുന്നിലെ കൽക്കൊടിമരം കാറ്റിൽ ഒടിഞ്ഞുവീണു. ആളുകളോ വാഹനങ്ങളോ സമീപത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ചോറ്റാനിക്കര ആറാംവാർഡ് തലക്കോട് പുത്തൻമണ്ണത്ത് ഷാജുവിന്റെ ഉദ്ദേശം 400 വാഴകൾ ഒടിഞ്ഞു. മുളന്തുരുത്തി-–-കാഞ്ഞിരമറ്റം റോഡിൽ പെരുമ്പിള്ളിയിൽ മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ആരക്കുന്നം–-ഒലിപ്പുറം, ആരക്കുന്നം–-ചെത്തിക്കോട് റോഡുകളിൽ ആറിടങ്ങളിൽ മരം വീണു.
മുളന്തുരുത്തി റെയിൽവേ സ്‌റ്റേഷൻ, പുളിക്കമാലി, വെട്ടിക്കൽ റോഡിലും പൈനുങ്കൽപാറയിലും മരം വീണ്‌ വൈദ്യുതക്കാലുകൾ ഒടിഞ്ഞു. മുളന്തുരുത്തി, പിറവം എന്നിവിടങ്ങളിൽനിന്ന്‌ എത്തിയ അഗ്നി രക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മരങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.

മരടിൽ മരം വീണ്‌ വൈദ്യുതിക്കാൽ തകർന്നു. വാകയിൽ റോഡിൽ നിർത്തിയിട്ട കാറിനുമുകളിൽ മരം വീണു. തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സൊസൈറ്റി റോഡ്, സെമിത്തേരി റോഡ്, അഞ്ച് തൈക്കൽ ബണ്ട് റോഡ് തുടങ്ങിയവിടങ്ങളിലെല്ലാം റോഡിലേക്ക് മരം വീണു. പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി.

പള്ളുരുത്തി
ഇടക്കൊച്ചി പള്ളേകാട്ട് വീട്ടിൽ ലിയോ റിബല്ലോയുടെ വീടിനുമുകളിലേക്ക് പ്ലാവിന്റെ കൊമ്പുവീണ് നാശമുണ്ടായി. കോട്ടക്കൽ ജയറകുമാറിന്റെയും കണച്ചക്കനാട്ട് സിൽവസ്റ്റർ റൊസാരിയോയുടെയും വീട്ടുവളപ്പിലെ മരങ്ങൾ ഒടിഞ്ഞു.കണച്ചക്കനാട്ട് ഗ്ലാഡിസിന്റെ വീടിനുമുകളിലേക്ക് തേക്കുമരം വീണ്‌ മേൽക്കൂരയ്‌ക്ക് തകരാർ സംഭവിച്ചു. ഇടക്കൊച്ചി കോട്ടക്കൽ വീട്ടിൽ ചന്ദ്രന്റെ വീടിനുമുകളിലേക്ക് സമീപത്തെ പാർക്കിൽനിന്ന മരത്തിന്റെ കൊമ്പ്‌ വീണു.

തോപ്പുംപടി
ബിഒടി പാലത്തിന് കിഴക്ക് ഓടിക്കൊണ്ടിരുന്ന രണ്ട് കാറിനും പെട്ടി ഓട്ടോറിക്ഷയ്‌ക്കും മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മട്ടാഞ്ചേരി, ക്ലബ് റോഡ് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നി രക്ഷാസേനാംഗങ്ങൾ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മരംമുറിച്ച് നീക്കിയത്. മരച്ചില്ല ഒടിഞ്ഞുവീണ്‌ ക്ലബ് റോഡിൽനിന്നുള്ള ഹോം ഗാർഡ് സുരേഷിന്‌ പരിക്കേറ്റു.

മണികണ്ഠൻചാൽ 
ചപ്പാത്ത് മുങ്ങി
ശക്തമായ മഴയെത്തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ഉറിയംപെട്ടി, വെള്ളാരംകുത്ത് ആദിവാസി കോളനികളും മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെട്ടു.  മണികണ്ഠൻചാൽ ചപ്പാത്തിൽ ഒഴുക്ക് ശക്തമാണെങ്കിലും വഞ്ചിയിറക്കി ആളുകളെ കടത്താനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ മരം കടപുഴകി വീടുകൾ തകർന്നു.

ഒന്നാം വാർഡിൽ വേട്ടാമ്പാറ താണിവീട്ടിൽ സാലി വർഗീസിന്റെ വീടിനുമുകളിൽ കൂറ്റൻ തേക്ക്‌ വീണു. വീടിന്റെ ടെറസിൽ ചെയ്തിരുന്ന റൂഫിങ്‌ തകർന്നു. വൈദ്യുതിക്കാലും ഒടിഞ്ഞുവീണു. സംരക്ഷണമതിലിനും കേടുപാടുണ്ട്.അയൽവാസി  മറാച്ചേരി എം പി ഔസേപ്പിന്റെ വീട്ടിലേക്ക് വാകമരവും ഒടിഞ്ഞുവീണു.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top