ആലപ്പുഴ > വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ജില്ലയിലെ വിവിധ കൃഷിഭവൻ പരിധികളിൽ 1511 ഹെക്‍ടർ നെൽച്ചെടി വീണതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. തുക കണക്കാക്കിയിട്ടില്ല. വെളിയനാട്, രാമങ്കരി പഞ്ചായത്ത് പരിധിയിലാണ് കൂടുതൽ നെൽച്ചെടി നാശം. യഥാക്രമം 650ഉം 232.17 ഹെക്‌ടറും. കുറവ് നൂറനാട്, എടത്വ പഞ്ചായത്തുകളിൽ. 2.40 ഉം മൂന്നും ഹെക്‍ടർ വീതം. തലവടി 150, പുലിയൂർ 128, മുട്ടാർ 100, എണ്ണയ്‍ക്കാട് 57, കാവാലം, കുന്നുമ്മ 50, നീലംപേരൂർ 44, കൈനകരി നോർത്ത് 30, വെണ്മണി 15 ഹെക്‍ടർ എന്നിങ്ങനെയാണ് കണക്ക്. മഴ കുറഞ്ഞ് വെള്ളം ഒഴുകിപ്പോയാൽ വിള നഷ്‌ടമുണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
909.61 ഹെക്‌ടർ
വാഴകൃഷി നശിച്ചു
ജില്ലയുടെ പലഭാഗങ്ങളിൽ വാഴകൃഷി നശിച്ചു. 909.61 ഹെക്‌ടറിൽ വാഴ നിലംപൊത്തി. ഇതിൽ 586.21 ഹെക്‍ടർ കുലച്ചതും 323.4 ഹെക്‍ടർ കുലയ്ക്കാത്ത വാഴയുമാണ്. പുളിങ്കുന്ന് പഞ്ചായത്തിൽ 850 ഹെക്‍ടർ വാഴകൃഷി നശിച്ചു. 550 ഹെക്‍ടർ കുലച്ചതും 300 ഹെക്‍ടർ കുലയ്ക്കാത്ത വാഴയുമാണ് വീണത്. 27 ഹെക്‌ടർ പച്ചക്കറി കൃഷി നശിച്ചു. 300.83 ഹെക്‍ടർ കായ്‍ഫലമുള്ള തെങ്ങുകൾ നശിച്ചെന്നാണ് പ്രാഥമിക കണക്ക്.
മഴയൊഴിഞ്ഞാൽ കൊയ്‌തെടുക്കാം
തണ്ണീർമുക്കം ഷട്ടറിലൂടെ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. തോട്ടപ്പള്ളിയിലൂടെയും കൃത്യമായി ജലം ഒഴുകിമാറുകയും മഴ അവസാനിക്കുകയും ചെയ്‌താൽ വലിയ നഷ്‌ടത്തിലേക്ക് പോകാനിടയില്ലെന്ന് അധികൃതർ പറഞ്ഞു. മഴമാറിനിന്നാൽ കൊയ്‍തെടുക്കാമെന്ന പ്രതീക്ഷ കർഷകർക്കുമുണ്ട്. കൊയ്‍ത്തിന് പാകമായ മിക്കപാടങ്ങളും വെള്ളത്തിലാണ്. കൊയ്‍ത്തുയന്ത്രങ്ങൾ ഇറക്കാനാവുന്നില്ല.
വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളിൽ മടവീഴ്‌ച ഭീഷണിയുമുണ്ട്. ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്തമഴയും കിഴക്കൻവെള്ളത്തിന്റെ വരവുമാണ് കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ജലനിരപ്പ് ഉയർത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..