27 December Friday

ഹെലികോപ്‌റ്ററിൽ തിരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ഉരുൾപൊട്ടലിൽ കാണാതായവരുടെ തിരച്ചിലിനായി പ്രത്യേക ദൗത്യസംഘത്തെ സൂചിപ്പാറ സൺറൈസ് വാലി വനമേഖലയിൽ ഹെലികോപ്റ്ററിൽ എയർ ഡ്രോപ്പ് ചെയ്യുന്നു

കൽപ്പറ്റ
വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി സൺറൈസ് വാലി മേഖലയിൽ പ്രത്യേക ദൗത്യസംഘം തിരച്ചിൽ നടത്തി. അതീവ ദുർഘട  മേഖലയിൽ 12 അംഗ ദൗത്യസംഘത്തെ ഹെലികോപ്‌റ്ററിൽനിന്ന്‌ വടവും ബാസ്‌കറ്റും ഉപയോഗിച്ച്‌  ഇറക്കിയായിരുന്നു തിരച്ചിൽ.  തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ 23 മാറാട്ട ലൈറ്റ് ഇൻഫെന്ററി ബറ്റാലിയൻ ഘാതക് പ്ലാറ്റൂണിലെ ആറ്‌ കമാൻഡോകളും കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പിലെ നാല്‌ അംഗങ്ങളും വനംവകുപ്പ്‌ മുണ്ടക്കൈ റേഞ്ചിലെ രണ്ട്‌ ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർമാരുമാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. 

വന്യജീവി സാന്നിധ്യമുള്ളതിനാൽ വനം ഓഫീസർമാരെ ഗൈഡുകളായാണ്‌ ഉൾപ്പെടുത്തിയത്‌. മികച്ച ശാരീരിക ക്ഷമതയും അഭ്യാസമികവും ഏത്‌ സാഹചര്യത്തിലും അതീജീവിക്കാൻ പ്രാപ്‌തിയുള്ളവരുമാണ്‌ ഘാതക്‌ പ്ലാറ്റൂണിലുള്ളത്‌.

 പർവതാരോഹണത്തിലടക്കം വിദഗ്‌ധ പരിശീലനം നേടിയവരാണ്‌ പൊലീസിന്റെ എസ്‌ഒജി സംഘത്തിൽ. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തിരച്ചിൽ. നദി‌ക്ക്‌ ആഴം കൂടിയതും പാറക്കൂട്ട നിറഞ്ഞതുമായ വനമേഖലയിൽ രണ്ട്‌ സംഘങ്ങളായാണ്‌ പരിശോധന.

 ഒരു പ്രദേശത്ത് തിരച്ചിൽ പൂർത്തിയാക്കിയാൽ എയർ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിച്ച്‌ പരിശോധന തുടരും. കൽപ്പറ്റ എസ്‌കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിൽനിന്ന്‌ രാവിലെ എട്ടിന്‌ ആരംഭിക്കേണ്ടിയിരുന്ന ദൗത്യം കോടയും മഴയും  മോശം കാലാവസ്ഥയുംമൂലം വൈകി. കോഴിക്കോട്ട്‌‌ നിന്ന്‌ രണ്ട്‌ പ്രാവശ്യം വ്യോമസേന ഹെലികോപ്‌റ്റർ പറന്നുയർന്നെങ്കിലും തിരിച്ചിറക്കി. പിന്നീട്‌ പകൽ 11.40ന്‌ കൽപ്പറ്റയിൽനിന്നാണ്‌  ദൗത്യസംഘവുമായി പറന്നത്‌.

 ലാൻഡിങ്‌ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ആളുകളെ ഇറക്കാനും എയർ ലിഫ്റ്റ് ചെയ്യാനും ശേഷിയുള്ള ധ്രുവ്‌ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് ദൗത്യത്തിന് ഉപയോഗിച്ചത്. ആദ്യഘട്ടത്തിൽ നാല്‌ സൈനികരെയും രണ്ട്‌ ഫോറസ്റ്റ്‌ ഓഫീസർമാരെയുമാണ്‌ ‘എയർടോപ്‌’ ചെയ്‌തത്. പകൽ 12 ഓടെ അടുത്ത സംഘവും കാട്ടിലേക്ക്‌ തിരിച്ചു.

 രണ്ട്‌ സൈനികരും നാല്‌ എസ്‌ഒജി അംഗങ്ങളും അടങ്ങുന്നതായിരുന്നു രണ്ടാം സംഘം. എഡിജിപി എം ആർ അജിത്കുമാറിനായിരുന്നു ഏകോപന ചുമതല. 23 മാറാട്ട ലൈറ്റ് ഇൻഫെന്ററി ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ രോഹിത് ജെറ്റിൻ, സ്‌റ്റേഷൻ ഓഫീസർ ലെഫ്റ്റനന്റ്‌ കേണൽ ഋഷി രാധാകൃഷ്ണൻ, ഉത്തരമേഖല ഐജി കെ സേതുരാമൻ, വയനാട്‌ രക്ഷാദൗത്യം സ്‌പെഷ്യൽ ഓഫീസർ പി വിഷ്‌ണുരാജ്‌, എസ്‌ഒജി എസ്‌പി തപോഷ്‌ ബസുമതാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു
ദൗത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top