21 December Saturday

ഹേമ കമ്മിറ്റി: ലൊക്കേഷനിലെ മയക്കുമരുന്നുപയോഗം 
അന്വേഷിക്കണം- ഹൈക്കോടതി

സ്വന്തം ലേഖികUpdated: Tuesday Oct 15, 2024


കൊച്ചി
സിനിമാ ലൊക്കേഷനിലെയും അനുബന്ധ തൊഴിലിടങ്ങളിലെയും മദ്യ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്‌ പ്രത്യേകസംഘം അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കോടതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടും എതിർത്തുമുള്ള ഹർജികൾ പരിഗണിച്ച, ജസ്‌റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി എസ് സുധയും ഉൾപ്പെട്ട പ്രത്യേക ബെഞ്ച്  റിപ്പോർട്ടിലെ  മൊഴികളിൽ കേസെടുക്കാനും നിർദേശിച്ചു.
മൊഴികൾ പ്രഥമവിവരങ്ങളായി കണക്കാക്കി അന്വേഷിക്കാനാണ്‌ പ്രത്യേക അന്വേഷകസംഘത്തോട്‌ നിർദേശിച്ചത്‌. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഉത്തരവ്. പരാതിക്കാരുടെയും അതിജീവിതരുടെയും പേര്‌ പുറത്തുവിടരുത്‌.

കേസെടുത്തശേഷം അതിജീവിതകളുടെ മൊഴി രേഖപ്പെടുത്താം. പുതിയ മൊഴിക്കായി നി‌ർബന്ധിക്കരുത്. പരാതിയുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെങ്കിൽ അത് രേഖപ്പെടുത്തണം. കേസെടുത്ത് വിശദ അന്വേഷണംനടത്തി ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകണം.

വസ്‌തുതയില്ലാത്തവ റഫർ റിപ്പോർട്ട് നൽകി നടപടി അവസാനിപ്പിക്കണം. എഫ്ഐആറിലും അതിജീവിതയുടെ പേരുവിവരം രഹസ്യമാക്കണം. കേസ്‌രേഖകളും പകർപ്പും പരാതിക്കാർക്കുമാത്രമേ ആദ്യം കൈമാറാവൂ. അന്തിമ റിപ്പോർട്ട് നൽകുമ്പോൾമാത്രമേ പരാതിക്കാരുടെ മൊഴിപ്പകർപ്പ്  പ്രതിഭാഗത്തിന്‌ നൽകാവൂയെന്നും ഉത്തരവിലുണ്ട്‌.  
ഹർജിക്കാർ ഉന്നയിച്ച വിഷയങ്ങളിൽ സമഗ്രമറുപടി സ‌ർക്കാർ ഒരാഴ്ചയ്‌ക്കകം നൽകാനും നിർദേശിച്ചു. ഹർജികൾ 28ന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top