25 November Monday

പ്രശസ്തരിൽ നിന്നുവരെ ലൈംഗിക ചൂഷണം, അശ്ലീല കമന്റുകൾ; സിനിമയിൽ സ്ത്രീകൾ നേരിടുന്നത്‌ കൊടും ക്രൂരതകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

തിരുവനന്തപുരം> സിനിമാ മേഖലയിലെ  പ്രശസ്തരായ പലരിൽ നിന്നും  ലൈംഗിക ചൂഷണം നേരിടേണ്ടി വന്നതായി ഹേമ കമ്മീഷൻ റിപ്പോർട്ട്‌.

ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്നും രാത്രികളിൽ സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ടെന്നും നടിമാർ പറഞ്ഞു. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് പേടിച്ചിരുന്നതായും അതിനാൽതന്നെ പല നടിമാരും മാതാപിതാക്കൾക്കൊപ്പമാണ് ഷൂട്ടിങിനെത്താറുള്ളത്‌. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോക്‌സോ നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.

പലപ്പോഴും സിനിമയിൽനിന്ന് ഒഴിവാക്കപ്പെട്ടാലോ എന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുകയാണ്‌. എങ്ങാനും കേസിനു പോയാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങളോ, ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്നോ നടിമാർ ഭയക്കുന്നു. നഗ്‌ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടെ കമന്റിടുക, അശ്ലീല ചുവയുള്ള ട്രോളുകൾ ഇടുക, നടിമാരുടെ ഉൾപ്പെടെ സമൂഹമാധ്യമ പേജുകളിൽ പുരുഷ ലൈംഗികാവയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്യുക തുടങ്ങി വാട്സാപ് മുഖേനയും കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

ആർത്തവസമയത്ത് നടിമാർ സെറ്റിൽ  വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. പാഡ് മാറ്റുന്നതിനോ മൂത്രമൊഴിക്കാൻ പോകാനോ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങൾ ഉണ്ട്‌.

തനിക്ക്‌ മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം തന്നെ  ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായതായി കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം തന്റെ മാനസികാവസ്ഥ തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്ന സാഹചര്യം വരെ ഉണ്ടായി. അപ്പോൾ സംവിധായകൻ തന്നെ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നതായും മറ്റൊരു നടി കമ്മിഷന് മൊഴി നൽകി. ഒരു സ്ത്രീ സിനിമയിലേക്ക്‌ കടന്നു വരുമ്പോൾ തന്നെ എന്തു വിട്ടു വീഴ്‌ചയ്ക്കാണ്‌ തയ്യാറാവുകയെന്നാണ്‌ പല പ്രൊഡക്ഷൻ കൺട്രോളർമാരും ചോദിക്കാറുള്ളത്‌.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് പലപ്പോഴും ഈ മേഖലയിലുള്ള പുരുഷൻ‌മാർക്ക് ചിന്തിക്കുന്നില്ല.  അവസരത്തിനുവേണ്ടി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നാണ്‌ സിനിമാ മേഖലയിലെ ചില പുരുഷൻമാർ കരുതുന്നത്‌. സിനിമാമേഖലയിലെ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്സാപ്  ഗ്രൂപ്പ് രൂപീകരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തുപോകില്ലെന്ന് സംഘടന ഉറപ്പു നൽകിയതോടെയാണ്‌ പല നടിമാരും  തുറന്നു സംസാരിച്ചത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top