23 December Monday

ഹേമ കമ്മിറ്റി റിപ്പോർ‌ട്ട്: കോലാഹലം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പ്രത്യേക ലേഖകൻUpdated: Sunday Aug 18, 2024

തിരുവനന്തപുരം> സിനിമാ മേഖലയിലെ പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്തുവരുമെന്ന്‌ ഉറപ്പായിരിക്കെ, അനാവശ്യ വിവാദമുയർത്തുന്നത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ. മാധ്യമ പ്രവർത്തകൻ ലെസ്ലി ജോൺ ആണ്‌ റിപ്പോർട്ടിന്റെ പകർപ്പിനായി ആദ്യം വിവരാവകാശ കമീഷനെ സമീപിച്ചത്‌. റിപ്പോർട്ട്‌ പരിശോധിച്ച കമീഷൻ വ്യക്തിഗത പരാമർശം ഒഴിവാക്കി പ്രസിദ്ധീകരിക്കാമെന്ന്‌ അറിയിച്ചു.

മറ്റു ചില മാധ്യമ പ്രവർത്തകർ കൂടി റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. തുടർന്ന്‌ റിപ്പോർട്ട്‌ പുറത്തുവിടാൻ ഉത്തരവിട്ടു. ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി വന്നു. ഹർജി തള്ളിയ കോടതി റിപ്പോർട്ട്‌ പുറത്തുവിടാൻ ഒരാഴ്‌ച സമയം നൽകി. 19നാണ്‌ സമയപരിധി അവസാനിക്കുന്നത്‌. മൊഴി നൽകിയ തന്നെ കാണിച്ചശേഷമേ റിപ്പോർട്ട്‌ പുറത്തുവിടാവൂ എന്നാവശ്യപ്പെട്ട്‌ നടി രഞ്ജിനി ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ തിങ്കളാഴ്‌ച തിരുമാനമുണ്ടായേക്കും.

റിപ്പോർട്ട്‌ പുറത്തുവിടുന്നതിനെ ഒരു ഘട്ടത്തിലും സർക്കാർ എതിർത്തിട്ടില്ല. ഒന്നാം പിണറായി സർക്കാർ 2018 മെയിലാണ്‌, ഡബ്ല്യുസിസി അടക്കമുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ജസ്‌റ്റിസ്‌ ഹേമ കമ്മറ്റിയെ നിയോഗിച്ചത്‌. നടി ശാരദ, കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ.

ഹർജി തീർപ്പായശേഷം 
പുറത്തുവിടും

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തീർപ്പായശേഷം ഹേമ കമ്മീഷന്റെ റിപ്പോർട്ട്‌ പുറത്തുവിടുമെന്ന്‌ സാസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (എസ് പിഐഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചു. റിപ്പോർട്ട്‌ പുറത്തുവിടരുതെന്ന്‌ ആവശ്യപ്പെട്ട്‌ നടി രഞ്ജനിയാണ്‌ ഒടുവിൽ ഹൈക്കോടതിയെ സമീപിച്ചത്‌. തിങ്കളാഴ്‌ച ഈ ഹർജി പരിഗണിക്കും.

പ്രസിദ്ധീകരിക്കുന്നതിന്‌ 
തടസ്സമില്ല: പി സതീദേവി

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഒരു തടസവുമില്ലെന്ന് വനിത കമീഷൻ അധ്യക്ഷ പി സതീദേവി. വ്യക്തികളുടെ സ്വകാര്യത ഹനിക്കാത്ത വിധം റിപ്പോർ‌ട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി 13ന് നിർദേശിച്ചിരുന്നു. എന്നാൽ, താൻകൂടി പരിശോധിച്ചശേഷമേ റിപ്പോർട്ട് പുറത്തുവിടാൻ പാടുള്ളൂവെന്ന് ചലച്ചിത്ര നടി കോടതിയിൽ ഹർജി നൽകി. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി സർക്കാരിനെയും സമീപിച്ചിരുന്നുവെന്ന് സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. ഹർജിക്ക്‌ നിലനിൽപ്പില്ലെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും തിങ്കളാഴ്ചത്തേക്ക് വിധിപറയാൻ മാറ്റിയിരിക്കുകയാണ്.

ഒരാശങ്കയ്ക്കും അടിസ്ഥാനമില്ല. സ്വകാര്യത മാനിച്ചായിരിക്കും റിപ്പോർട്ട് പുറത്തുവിടുക. റിപ്പോർട്ട് പുറത്തുവിടുമെന്ന്‌ സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിരുന്നു. സിനിമാ മേഖലയിൽ തെറ്റായ പ്രവണതയുണ്ടെങ്കിൽ അത് പുറത്തുവരണമെന്നും സതീദേവി പറ‍ഞ്ഞു.

പുറത്തുവിടുന്നതിൽ 
സർക്കാരിന്‌ റോളില്ല: മന്ത്രി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാരിനും സാംസ്കാരിക വകുപ്പിനും ഒരു റോളുമില്ലെന്ന്‌ മന്ത്രി സജി ചെറിയാൻ. കമ്മിറ്റിയുടെ നിഗമനങ്ങളും നിർദേശങ്ങളും നടപ്പാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ഇതുസംബന്ധിച്ച കരട്‌ റിപ്പോർട്ട്‌ തയാറാക്കി. ഹൈക്കോടതി വിധി അനുസരിച്ച്‌ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടത്. വിവരാവകാശ കമീഷനും ഹൈക്കോടതിയും ചുമതലപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തെയാണ്‌. ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാരിന്‌  അധികാരമില്ല.

റിപ്പോർട്ട്‌ പുറത്തുവിടണമെന്ന ആവശ്യം സർക്കാർ എതിർത്തിട്ടില്ല. സർക്കാരിനോ സാംസ്‌കാരിക വകുപ്പിനോ ഇക്കാര്യത്തിൽ കോടതി നിർദേശം നൽകിയിട്ടില്ല. വിവരാവകാശ കമീഷൻ പറഞ്ഞ, വ്യക്തികളെ ബാധിക്കുന്ന ഭാഗം ഒഴികെയുള്ളവ പുറത്തുവിടണമെന്നു തന്നെയാണ്‌ സർക്കാർ നിലപാടും. അപേക്ഷിച്ചവർക്കെല്ലാം പകർപ്പ്‌ നൽകുമെന്ന്‌ കാണിച്ച്‌ സാംസ്‌കാരിക വകുപ്പ്‌ ആർക്കും കത്തയച്ചിട്ടില്ല. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അത്തരത്തിൽ കത്ത്‌ നൽകിയിട്ടുണ്ടോ എന്നറിയില്ല.  അനുവദിച്ച സമയത്തിനുളളിൽ റിപ്പോർട്ട് പുറത്തു വിട്ടില്ലെങ്കിൽ കോടതിയിൽ ചോദ്യംചെയ്യാമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top